മാനന്തവാടി: വയനാട്ടില്‍ അജ്ഞാതരുടെ ആക്രമണത്തില്‍ റിട്ടയേഡ് അധ്യാപകനും ഭാര്യയും മരിച്ചു. പനമരം നെല്ലിയമ്പം കവാടത്ത് പത്മാലയത്തില്‍ കേശവന്‍ മാസ്റ്ററും ഭാര്യ പത്മാവതിയുമാണ് മരിച്ചത്.
വയനാട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ 11/06/21 വെളളിയാഴ്ച രാവിലെയായിരുന്നു പത്മാവതിയുടെ മരണം. കേശവന്‍ മാസ്റ്റര്‍ 10/06/21 വ്യാഴാഴ്ച രാത്രി സംഭവ സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടിരുന്നു.
വ്യാഴാഴ്ച രാത്രി 8 മണിയോടെ മുഖം മൂടി അണിഞ്ഞെത്തിയ സംഘമാണ് ഒറ്റപ്പെട്ട വീട്ടില്‍ തനിച്ച് കഴിയുന്ന ദമ്പതികളെ വീട്ടില്‍ കയറി ആക്രമിച്ചത്. ശബ്ദം കേട്ട് അയല്‍ക്കാര്‍ എത്തിയപ്പോഴേക്കും അജ്ഞാത സംഘം ഓടി രക്ഷപ്പെടുകയായിരുന്നു.
പത്മാവതിയുടെ ഉച്ചത്തിലുള്ള അലര്‍ച്ച കേട്ടാണ് നാട്ടുകാര്‍ വീട്ടിലേക്ക് ശ്രദ്ധിക്കുന്നത്. ഈ സമയം അവർ നിലവിളിച്ച് കൊണ്ട് പുറത്തേക്ക് ഓടി വരികയായിരുന്നു എന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. നാട്ടുകാര്‍ സംഭവ സ്ഥലത്തേക്ക് ഓടിയെത്തുമ്പോഴേക്കും രണ്ടു മുഖം മൂടി ധാരികള്‍ ഓടി രക്ഷപ്പെടുന്നത് കണ്ടെന്നും നാട്ടുകാര്‍ വ്യക്തമാക്കുന്നു.
കവര്‍ച്ചാ ശ്രമമായിരിക്കാം ആക്രമണത്തിനിടയാക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.




