ന്യൂഡല്‍ഹി: കോവിഡ് -19ന് കാരണമാകുന്ന സാര്‍സ് കോവ്-2 വൈറസുകള്‍ മനുഷ്യശരീരത്തിലെ ചുവന്ന രക്താണുക്കളെ (ആര്‍ബിസി) ബാധിക്കുമ്പോഴാണ് രക്തത്തിലെ ഓക്‌സിജന്‍ കുറയുകയും രോഗപ്രതിരോധ ശേഷി ഇല്ലാതാവുകയും ചെയ്യുന്നതെന്ന് ഗവേഷകര്‍. സ്റ്റെം സെല്‍ റിപ്പോര്‍ട്ടുകള്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ശരീരത്തിലെ ടിഷ്യൂകളില്‍ ഓക്‌സിജന്‍ കുറയുന്നത് അപകടകരമായ അവസ്ഥയാണ്. വൈറസ് ബാധിച്ചവര്‍ക്ക് ഡെക്‌സമെതസോണ്‍ ഫലപ്രദമായ ചികിത്സയാണെന്നും പഠനം വ്യക്തമാക്കുന്നു.
ആര്‍ബിസികള്‍ റിസപ്റ്റര്‍ എസിഇ 2 ഉം കോ-റിസപ്റ്ററായ ടിഎംപിആര്‍എസ്എസ് 2ഉം ശരീരത്തിലെ ഓക്‌സിജന്‍ ലെവല്‍ കുറയ്ക്കുമെന്ന് കണ്ടെത്തിയ ലോകത്തിലെ ആദ്യ ടീമാണ് കാനഡയിലെ ആല്‍ബെര്‍ട്ട സര്‍വകലാശാലയിലെ മെഡിസിന്‍ ആന്‍ഡ് ഡെന്റിസ്ട്രി ഫാക്കല്‍റ്റിയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഷോക്രോള എലാഹിയുടേത്.”കോവിഡ് -19 രോഗികളില്‍ കുറഞ്ഞ രക്ത-ഓക്‌സിജന്റെ അളവ് ഒരു പ്രധാന പ്രശ്‌നമാണ്, പഠനത്തിനായി കോവിഡ് -19 ഉള്ള 128 രോഗികളുടെ രക്തം പരിശോധിച്ചു. ഗുരുതരമായ രോഗബാധിതരും ഐസിയുവില്‍ പ്രവേശിപ്പിച്ചവരും, മിതമായ ലക്ഷണങ്ങളുള്ളവരും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരും, രോഗത്തിന്റെ നേരിയ പതിപ്പ് ഉള്ളവരും ഏതാനും മണിക്കൂറുകള്‍ മാത്രം ആശുപത്രിയില്‍ ചെലവഴിച്ചവരും ഇതിൽ ഉള്‍പ്പെടും-പ്രൊഫസര്‍ ഷോക്രോള എലാഹി പറഞ്ഞു. ഇവരില്‍ നടത്തിയ പഠനത്തിലാണ് രോഗം രൂക്ഷമാകുമ്പോള്‍ ആര്‍ബിസികള്‍ രക്തചംക്രമണത്തിലേക്ക് ഒഴുകുന്നുവെന്ന് കണ്ടെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



