പാലക്കാട്: ലോക ക്ഷീരദിനാചരണം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി ഓണ്‍ലൈനായി നിര്‍വഹിച്ചു

പാലക്കാട്: ലോക ക്ഷീരദിനാചരണം സംസ്ഥാനതല ഉദ്ഘാടനം ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഓണ്‍ലൈനായി നിര്‍വഹിച്ചു. ഇന്ത്യയില്‍ തന്നെ കൂടുതല്‍ നിരക്കില്‍ കര്‍ഷകരില്‍ നിന്നും പാല്‍ എടുക്കുന്ന സംസ്ഥാനമായി കേരളം മാറിയതായും സംസ്ഥാനത്ത് സമ്പൂര്‍ണ പാലുത്പാദനമെന്ന ലക്ഷ്യം നടപ്പാക്കുകയാണെന്നും മന്ത്രി പറഞ്ഞു. കര്‍ഷകരില്‍ നല്‍കുന്ന പാല്‍ പൂര്‍ണമായും മില്‍മ തന്നെ ഏറ്റെടുക്കുന്നുണ്ട്. അധികമായി വരുന്നവ പാല്‍ ഉല്‍പ്പന്നങ്ങള്‍, പാല്‍പ്പൊടി എന്നിവയാക്കി മാറ്റുന്നതിനുള്ള നടപടികളും തുടരുകയാണ്. പാല്‍പ്പൊടി ഉല്‍പാദനത്തിന് മലപ്പുറത്ത് പ്ലാന്റ് തുടങ്ങുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമായി നടക്കുകയാണ്. 53 കോടി രൂപയോളം ചിലവില്‍ നിര്‍മ്മിക്കുന്ന പ്ലാന്റ് ഒരു വര്‍ഷത്തിനകം തന്നെ യാഥാര്‍ഥ്യമാക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

അധികം വരുന്ന പാല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് കിറ്റിലും ആദിവാസി മേഖലയിലെ കുട്ടികള്‍ക്കും അങ്കണവാടികളിലും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും നല്‍കുന്നതിനുള്ള സംവിധാനം നടപ്പാക്കും. കോവിഡ് രോഗികള്‍ കഴിയുന്ന സി.എഫ്.എല്‍.ടി.സികളില്‍ ഉള്‍പ്പെടെ വിതരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കും. ക്ഷീരകര്‍ഷകരായിട്ടുള്ള വനിതകളെ ഉള്‍പ്പെടെ മുന്നോട്ടു കൊണ്ടുവരുന്നതിനും ഇവരുടെ തൊഴില്‍ സംരംഭങ്ങള്‍ക്ക് സഹായം നല്‍കുന്നതിനും വകുപ്പ് മുന്‍കൈയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

കുളമ്പു രോഗത്തെ പിടിച്ചു നിര്‍ത്താന്‍ എല്ലാ പശുക്കള്‍ക്കും വാക്സിന്‍ ഉടന്‍ നല്‍കും. ഒരു ലക്ഷത്തോളം വാക്സിന്‍ ഇത്തരത്തില്‍ നല്‍കും. ഇതരസംസ്ഥാനത്ത് നിന്ന് വരുന്ന പശുക്കളെ പ്രത്യേകം മാറ്റിപ്പാര്‍പ്പിച്ച് ചികിത്സ നല്‍കി കുളമ്പുരോഗ വ്യാപനം തടയുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ബ്ലോക്ക് തലത്തിലും രാത്രികാലങ്ങളില്‍ ജോലിയിലേര്‍പ്പെടുന്നതിന് വെറ്ററിനറി സര്‍ജന്‍മാരെ നിയമിക്കാനുള്ള തീരുമാനവും സ്വീകരിക്കും.

കോവിഡ് കാലത്ത് കര്‍ഷകര്‍ക്ക് സബ്സിഡിയോടെ കാലിത്തീറ്റ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഒരു ചാക്കിന് 400 രൂപ നിരക്കിലാണ് വിതരണം ചെയ്യാന്‍ ആലോചിക്കുന്നത്. കോവിഡ് ബാധിത പ്രദേശങ്ങള്‍, കുളമ്പുരോഗ ബാധിത പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ കര്‍ഷകര്‍ക്ക് ഇത്തരത്തില്‍ കാലിത്തീറ്റ നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് ക്ഷീരകര്‍ഷകരുമായി മന്ത്രി സംവദിച്ചു. തുടര്‍ന്ന് ക്ഷീരവകുപ്പിന്റെ ‘ഗുണനിലവാര വര്‍ഷം 2021’ ലോഗോ പ്രകാശനം മന്ത്രി നിര്‍വഹിച്ചു. പരിപാടിയില്‍ ക്ഷീരവികസന വകുപ്പ് സെക്രട്ടറി, വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം