ബാങ്ക്‌ വായ്‌പകള്‍ക്ക്‌ മൊറോട്ടോറിയം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്‌ ഹര്‍ജി സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി : കോവിഡ്‌ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ബാങ്ക്‌ വായ്‌പകള്‍ക്ക്‌ ആറുമാസത്തേക്ക്‌ പലിശ രഹിത മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്‌ സുപ്രീം കോടതിയില്‍ ഹര്‍ജി. ഹര്‍ജി ജൂണ്‍ 11 ന്‌ പരിഗണിക്കാനായി കോടതി മാറ്റി അഡ്വ.വിശാല്‍ തിവാരിയാണ്‌ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്‌. കോവിഡ്‌ രണ്ടാം തരംഗം മൂലം ബിസിനസ്‌ അനുകൂല സാഹചര്യം നഷ്ടമായെന്നും, ഒട്ടേറെ പേര്‍ക്ക്‌ തൊഴില്‍ ഇല്ലാതായെന്നും ചൂണ്ടിക്കാട്ടിയാണ്‌ ഹര്‍ജി നല്‍കിയിരിക്കുന്നത്‌. വരുമാനം നിലച്ചതിനാല്‍ മൊറോട്ടോറിയം പ്രഖ്യാപിക്കണമെന്നും ഇക്കാലയളവില്‍ വായ്‌പാ അക്കൗണ്ടുകളെ നിഷ്‌ക്രിയ ആസ്‌തിയായി (എന്‍പിഎ)പരിഗണിക്കരുതെന്നും ഹര്‍ജിയില്‍ ആഴശ്യപ്പെട്ടു. എന്നാല്‍ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കോടതിക്ക്‌ കഴിയില്ലെന്ന്‌ ജസറ്റീസുമാരായ അശോക്‌ ഭൂഷണ്‍ ,എംആര്‍ഷാ എന്നിവര്‍ പറഞ്ഞു.

ഈ വിഷയത്തില്‍ റിസര്‍വ്‌ ബാങ്കിന്റെ അഭിപ്രായം കൂടി കേള്‍ക്കാനാണ്‌ ഹര്‍ജി പരിഗണിക്കുന്നത്‌ ജൂണ്‍ 11ലേക്ക്‌ മാറ്റിയത്‌. കോവിഡ്‌ പാശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് -ആഗസ്റ്റ് കാലയളവില്‍ റിസര്‍വ്‌ ബാങ്ക്‌ വായ്‌പാ തിരിച്ചടവുകള്‍ക്ക്‌ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു.. എംഎസ്‌എംഇ,വിദ്യാഭ്യാസ വായ്‌പ, ഭവനവായ്‌പ, വാഹനവായ്‌പ ക്രെഡിറ്റ്‌കാര്‍ഡ്‌ കുടിശിക, ഉപഭോക്തൃ വായ്‌പ ,പ്രൊഫഷനലുകള്‍ക്കുളള വ്യക്തിഗത വായ്‌പ എന്നിവയ്‌ക്കായിരുന്നു ഇത്‌. ഇക്കാലയളവില്‍ ബാങ്കുകള്‍ പലിശക്കുപുറമേ പിഴപ്പലിശ ഈടാക്കിയെങ്കിലും പിഴപ്പലിശ ഉപഭോക്താക്കള്‍ക്ക്‌ തിരിച്ചുനല്‍കാന്‍ സുപ്രീം കോടതി വിധിച്ചിരുന്നു. രണ്ടുകോടി രൂപ വരെ വായ്‌പക്കുളള ഇടപാടുകാരുടെ മൊത്തം പിഴപ്പലിശയായ 6500 കോടി രൂപ കേന്ദ്ര സര്‍ക്കാരാണ്‌ വീട്ടിയത്‌. രണ്ടുകോടി രൂപക്കുമേല്‍ വായ്‌പകളുളളവര്‍ക്ക്‌ തിരികെ നല്‍കേണ്ടിവന്ന 7500-8000 കോടി രൂപയുടെ ബാധ്യത ബാങ്കുകള്‍ തന്നെ വഹിച്ചു.

Share
അഭിപ്രായം എഴുതാം