ലേഖനം
തോമസ് ജോസഫ്‌

കൊവിഡിനു പിന്നാലെ രാജ്യത്തെ ഭീതിയിലാഴ്ത്തി ബ്ലാക് ഫംഗസ് പടരുകയാണ്. ഇതിനിടെ ബ്ലാക് ഫംഗസിനേക്കാള്‍ അപകടകാരിയെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന മറ്റൊരു ഫംഗസ്ജന്യ രോഗവും നമ്മുടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ബ്ലാക് ഫംഗസിനെക്കാള്‍ കൂടുതല്‍ അപകടകാരിയായ വൈറ്റ് ഫംഗസ് രോഗമാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ബിഹാറിലെ പട്നയിലാണ് വൈറ്റ് ഫംഗസ് റിപ്പോര്‍ട്ട് ചെയ്തത്. പട്നയിലെ ഒരു ഡോക്ടര്‍ക്കും രോഗം ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. വൈറ്റ് ഫംഗസ് ബാധയുള്ളവരില്‍ അതിവേഗം ഓക്‌സിജന്‍ നില താഴ്ന്ന് ശ്വാസരഹിതരാവാന്‍ സാധ്യതയുണ്ട്. തക്ക സമയത്ത് കണ്ടെത്തി വിദഗ്ധ ചികിത്സ നല്‍കിയാല്‍ രോഗം ഭേദമാക്കാന്‍ കഴിയും.

രോഗം ബാധിക്കുന്ന അവയവങ്ങള്‍ ഏതെല്ലാം?

വൃക്ക, തലച്ചോറ്, ആമാശയം, സ്വകാര്യ ഭാഗങ്ങള്‍, ചര്‍മം, നഖം, വായ, ശ്വാസകോശം എന്നീ ഭാഗങ്ങളെയാണ് വൈറ്റ് ഫംഗസ് ബാധിക്കുന്നത്. ബ്ലാക് ഫംഗസിന് സമാനമായി കുറഞ്ഞ രോഗപ്രതിരോധശേഷിക്കാരെയാണ് രോഗം ബാധിക്കുക. രോഗലക്ഷണങ്ങള്‍ക്ക് കൊവിഡിനോട് സാദൃശ്യമുണ്ടായിരിക്കും. എന്നാല്‍, കൊവിഡ് ടെസ്റ്റുകളില്‍ നെഗറ്റീവ് ആയി കാണപ്പെടുന്നു. പല കൊവിഡ് രോഗികളുടെയും ശ്വാസകോശത്തില്‍ കൊറോണ അണുവിനൊപ്പം വൈറ്റ് ഫംഗസുകളെയും കണ്ടെത്തിയിട്ടുണ്ട്.

രോഗം പടരുന്നതെങ്ങനെ?

പ്രധാനമായും മാലിന്യം കൂട്ടിയിടുന്ന സ്ഥലങ്ങള്‍, വൃത്തിഹീനമായ അന്തരീക്ഷത്തില്‍ കൈകാര്യം ചെയ്യപ്പെടുന്ന ഭക്ഷണപദാര്‍ഥങ്ങള്‍, വെള്ളം, മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, തൊഴിലുപകരണങ്ങള്‍, ദിവസങ്ങളോളം ഉപയോഗിക്കാതെ കിടക്കുന്ന മൊബൈല്‍, കംപ്യൂട്ടറിന്റെ കീ ബോര്‍ഡ് തുടങ്ങിയവയിലൂടെ വൈറ്റ് ഫംഗസ് പടരാം. വൃത്തിഹീനമായ അന്തരീക്ഷത്തിലും രോഗപ്രതിരോധശേഷി കുറഞ്ഞ ആളുകളിലും ഇവ വേഗം പെരുകുന്നു. വെളുത്തതും കറുത്തതുമായ ഫംഗസുകള്‍ മുമ്പുതന്നെ ഇവിടെയുണ്ട്. അതുകൊണ്ടുതന്നെ ഇതൊരു പുതിയ ആരോഗ്യപ്രശ്‌നമാണെന്നു പറയാനാവില്ല.

ഭക്ഷണപദാര്‍ഥങ്ങള്‍ ദിവസങ്ങളോളം തുറന്നുവച്ചാല്‍ അവയില്‍ വെളുപ്പ് നിറത്തിലുള്ള പൂപ്പല്‍ പടര്‍ന്നതായി നാം കാണാറുണ്ടല്ലോ. ഇത് ഒരുതരത്തിലുള്ള വൈറ്റ് ഫംഗസാണ്. ആ ഭക്ഷണം കഴിച്ചാല്‍ വയറിന് അസുഖവും അതിനോടനുബന്ധിച്ചുള്ള മറ്റ് രോഗങ്ങളും ബാധിക്കുന്നു. ഇത്തരം ഫംഗസുകള്‍ നമ്മെ മരണത്തിലേക്ക് തള്ളിവിടാത്തത് നമ്മുടെ പ്രതിരോധശക്തി ഒന്നുകൊണ്ടുമാത്രമാണ്. പ്രമേഹം, കീമോ തെറാപ്പി ഉള്‍പ്പെടെയുള്ള ചികിത്സനടത്തിവരുന്ന കാന്‍സര്‍ രോഗികള്‍, മുതിര്‍ന്ന പൗരന്മാര്‍, കൊച്ചുകുട്ടികള്‍ തുടങ്ങിയവര്‍ക്ക് പ്രതിരോധശേഷി കുറഞ്ഞിരിക്കുന്നതിനാല്‍ ഇത്തരം ഫംഗസുകള്‍ ഹാനികരമാവുന്നു.

രോഗനിവാരണം?

ഗുരുതരനിലയിലുള്ള കൊവിഡ് രോഗിക്ക് ഓക്‌സിജന്‍ സപ്പോര്‍ട്ട് നല്‍കുമ്പോള്‍ മെഡിക്കല്‍ ഉപകരണങ്ങളില്‍ വഴിയും ഫംഗസ് ബാധയുണ്ടാവാന്‍ സാധ്യതയുണ്ട്. അവശ്യം വേണ്ടരീതിയില്‍ സ്‌റ്റെറിലൈസ് ചെയ്യാത്ത സിറിഞ്ചും സൂചിയും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളും വില്ലനായേക്കാം. വിദഗ്ധ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചുകഴിഞ്ഞ് ആന്റിഫംഗല്‍ ഔഷധങ്ങള്‍ നല്‍കിയാല്‍ സുഖപ്പെടും.

പരിഹാരം

സമ്പൂര്‍ണ സാനിട്ടേഷനാണ് ഒരു പോംവഴി. നാം ഉപയോഗിക്കുന്ന മാസ്‌കും കൈയുറകളും മെഡിക്കല്‍ ഉപകരണങ്ങളും ഫംഗസ് രഹിതമാണെന്ന് ഉറപ്പുവരുത്തണം. പ്രമേഹം, കാന്‍സര്‍ അടക്കമുള്ള രോഗികളുടെ ജീവിതപരിസരം ഫംഗസ് ഇല്ലാത്ത ഇടമായിരിക്കണം. ഈര്‍പ്പം കൂടുതലുള്ള അന്തരീക്ഷം ഫംഗസുകളുടെ വംശവര്‍ധനയ്ക്ക് ഏറെ സഹായകരമാണ്. അതിനാല്‍ മഴക്കാലത്ത് നാം ഏറെ ശ്രദ്ധപുലര്‍ത്തണം. മഴ ഏറെയുള്ള പ്രദേശങ്ങളിലുള്ളവരും സൂക്ഷിക്കണം.

Share
kreatif23@gmail.com'

About തോമസ് ജോസഫ്‌

View all posts by തോമസ് ജോസഫ്‌ →

Leave a Reply

Your email address will not be published. Required fields are marked *