ന്യൂ ഡല്‍ഹി: ഗ്രാമ പ്രദേശങ്ങളിലെ കോവിഡ് നിയന്ത്രണങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഗ്രാമ പ്രദേശങ്ങളിലെ നിരീക്ഷണം, ഡോക്ടര്‍മാരുമായി ടെലി കണ്‍സള്‍ട്ടേഷന്‍, ആന്റിജന്‍ ടെസ്റ്റിനുളള പരിശീലനം തുടങ്ങിയവയാണ് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങളിലുളളത്. കോവിഡ് നിയന്ത്രിക്കുന്നതിനായി ഗ്രാമ പ്രദേശങ്ങളിലും, അര്‍ദ്ധ നഗര പ്രദേശങ്ങളിലും സാമൂഹ്യ സേവനങ്ങളും പ്രാഥമീക ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളും സജ്ജമാക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം.. എല്ലാ ഗ്രാമങ്ങളിലും ശുചിത്വ- പോഷകാഹാര സമിതിയുടെ സഹായത്തോടെ ആശാ വര്‍ക്കര്‍മാര്‍ പകര്‍ച്ച വ്യാധികള്‍ ഉള്‍പ്പടെയുളള രോഗവ്യാപനങ്ങള്‍ ഉണ്ടോയെന്ന് കൃത്യമായി നിരീക്ഷിക്കണം.
ജലദോഷം,പകര്‍ച്ചപ്പനി, ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ എന്നിവ ഉണ്ടോയെന്നും നിരീക്ഷിക്കണം. കോവിഡ് സംബന്ധമായതുള്‍പ്പടെ രോഗ ലക്ഷണങ്ങള്‍ ഉളളവര്‍ക്ക് കമ്മ്യൂണിറ്റി ഹെല്‍ത്ത് ഓഫീസര്‍മാരുമായി ടെലി കണ്‍സള്‍ട്ടേഷന്‍ സൗകര്യം ഏര്‍പ്പാട് ചെയ്യണം. മറ്റ് ഗുരുതര രോഗങ്ങള്‍ ഉളളവര്‍ക്കും ഓക്‌സിജന്‍ ലവല്‍ താഴുന്നവരെയും അടുത്തുളള മികച്ച ആശുപത്രികളിലേക്ക് മാറ്റണം തുടങ്ങിയവയാണ് പുതിയ മാര്‍ഗരേഖയില്‍ പറയുന്നത്.

