ചിത്രം എന്ന സിനിമയിലൂടെ മോഹൻലാലിൻറെ വിഷ്ണു എന്ന കഥാപാത്രത്തിനോട് ചേർന്ന് നിന്ന് പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടൻ ശരൺ വേണു (40) അന്തരിച്ചു. കടുത്ത പനി കാരണം രണ്ടുദിവസമായി ചികിത്സയിലായിരുന്ന ശരൺ വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് രാവിലെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചിത്രം സിനിമയിൽ സായിപ്പിനെ പറ്റിക്കാൻ ആറ്റിൽ ചാടുന്ന ആ പയ്യനെ ചിരിയോടു കൂടിയേ പ്രേക്ഷകർക്ക് ഓർക്കുവാൻ കഴിയൂ. അണ്ണാ .. സായിപ്പിൻറെ കയ്യീന്ന് കിട്ടിയതിന്റ ബാക്കി ഞാൻ മേടിച്ചോണ്ടേ പോകൂ എന്ന പ്രശസ്തമായ ഡയലോഗും അക്കാലത്ത് മലയാളി മനസിൽ നിറഞ്ഞു നിന്നിരുന്നു.
സിനിമ-സീരിയൽ മേഖലയിൽ ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയായ ശരൺ ചിത്രം കൂടാതെ അനന്തവൃത്താന്തം, ഒരു തരം രണ്ടു തരം മൂന്നു തരം , 32ാം അധ്യായം 23-ാം വാക്യം തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ദൂരദർശനിൽ അസിസ്റ്റൻറ് ഡയറക്ടറായിരുന്ന എസ് വേണു അച്ഛനു പഴയകാല ചലച്ചിത്ര നടി രാജകുമാരി വേണു അമ്മയുമാണ്. തിരുവനന്തപുരം സ്വദേശിയായ ശരൺ ഭാര്യക്കും കുട്ടികൾക്കുമൊപ്പം കടയ്ക്കൽ ചിതറയിൽ ആയിരുന്നു താമസം. കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കോവിഡ് പരിശോധന ഫലം വന്നതിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും .
മോഹൻലാൽ , മനോജ് കെ ജയൻ തുടങ്ങിയ പ്രമുഖർ ശരണിന് ആദരാഞ്ജലികൾ അർപ്പിച്ചു .
അഭിനയ ജീവിതം തുടങ്ങിയ കാലം മുതൽ താൻ അറിയുന്ന വ്യക്തിയാണ് ശരൺ എന്ന് മനോജ് കുറിക്കുന്നു. മനോജ് കെ ജയന്റ വാക്കുകൾ ഇങ്ങനെ …
അഭിനയ ജീവിതം തുടങ്ങിയ കാലം മുതൽ അറിയുന്ന വ്യക്തിയും സുഹൃത്തുമാണ്. 1989 ൽ കുമിളകൾ എന്ന സീരിയലിൽ അഭിനയിക്കുമ്പോൾ ശരണിന് ഒരു സിനിമ ഗ്ലാമറും ഉണ്ടായിരുന്നു. ചിത്രം സിനിമയിൽ ലാലേട്ടൻറെ കൂടെ ശ്രദ്ധേയമായ റോളിൽ വന്ന ആൾ എന്നതുമെല്ലാം മൂന്ന് മാസം മാസം മുൻപ് കണ്ടപ്പോൾ സംസാരിക്കുകയും ആ കാലത്തെ ഒരുപാട് ഓർമ്മകളും സന്തോഷങ്ങളും ഇപ്പോഴുള്ള കുറേ വിഷമങ്ങളും പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇത്ര പെട്ടെന്ന് യാത്രയാകും എന്ന് കരുതിയില്ല. ആദ്യകാല സംഭവങ്ങളും സൗഹൃദങ്ങളും നമുക്ക് ഒരിക്കലും മറക്കാനാവില്ല.. എനിക്കും.. വലിയ വിഷമത്തോടെ ശരണിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.



