മുംബൈ: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പാശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. പുതിയ നിയന്ത്രണങ്ങള്‍ പ്രകാരം കോവിഡ് മാനേജ്‌മെന്റുമായി നേരിട്ട് ബന്ധമില്ലാത്ത സ്വകാര്യ, സര്‍ക്കാര്‍ ഓഫീസുകളിലെ ഹാജര്‍ നില 15 ശതമാനമായി പരിമിതപ്പെടുത്തും. അവശ്യ സേവനങ്ങള്‍ നല്‍കുന്ന ഓഫീസുകള്‍ ഏറ്റവും കുറഞ്ഞ ശേഷിയില്‍ പ്രവര്‍ത്തിക്കണം. എന്നാല്‍ തൊഴിലാളികളുടെ എണ്ണം 50 ശതമാനത്തില്‍ കൂടാന്‍ പാടില്ല.
വിവാഹ ചടങ്ങുകള്‍ 2 മണിക്കൂറില്‍ കൂടാനോ പങ്കെടുക്കുന്നവരുടെ എണ്ണം 25 ലധികമാകാനോ പാടില്ല. ഈ ചട്ടം ലംഘിച്ചാല്‍ 50,000രൂപ വരെ പിഴചുമത്തും. സ്വകാര്യ ബസുകളില്‍ 50 ശതമാനം സീറ്റുകളില്‍ മാത്രമേ യാത്രക്കാരെ കൊണ്ടുപോകാന്‍ അനുമതിയുളളു. നിര്‍ദ്ദേശം ലംഘിച്ചാല്‍ 10,000രൂപ വരെ പിഴചുമത്താന്‍ കഴിയും. പൊതുഗതാഗത സംവിധാനം സര്‍ക്കാര്‍ ജീവനക്കാര്‍,ആരോഗ്യ പ്രവര്‍ത്തകര്‍ ചികിത്സ ആവശ്യമുളളവര്‍, പ്രത്യേക കഴിവുളള വ്യക്തിക്കും അവരുടെ പരിചാരകര്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ സാധുവായ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കയ്യില്‍ കരുതണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ പറയുന്നു.