കേരളത്തില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ അരാജകത്വമെന്ന് വി. മുരളീധരന്‍

ദില്ലി: കേരളത്തിലെ കോവിഡ് വാക്‌സിന്‍ കേന്ദ്രങ്ങളില്‍ അരാജകത്വമാണെന്നും വാക്‌സിനേഷന്‍ ഇങ്ങനെയല്ല നടത്തേണ്ടതെന്നും കേന്ദ്രമന്ത്രി വി.മുരളീധരന്‍. വാക്‌സിന്‍ ഇല്ലെന്ന് പറഞ്ഞ് ആരോഗ്യ മന്ത്രിയടക്കം ജനങ്ങളെ പരിഭ്രാന്തരാക്കുകയാണെന്നും മുരളീധരന്‍ ആരോപിച്ചു. കേരളത്തിലെ വാക്‌സിന്‍ പ്രതിസന്ധിക്ക് കേന്ദ്രത്തെ പഴിചാരേണ്ടന്നും കേന്ദ്രവിഹിതത്തിന് കാക്കാതെ കേരളം സ്വന്തം നിലക്ക് വാക്‌സിന്‍ വാങ്ങണമെന്നും മുരളീധരന്‍ പറഞ്ഞു. സൗജന്യ വാക്‌സിന്‍ നല്‍കുമെന്നു പറഞ്ഞ മുഖ്യമന്ത്രി മരുന്നുകമ്പനികളില്‍ നിന്ന് ഇത് നേരിട്ടു വാങ്ങണം.പുതിയ നയം അനുസരിച്ച് പരാതി പറയാതെ മരുന്ന് നേരിട്ടുവാങ്ങി ജനങ്ങളുടെ പരിഭ്രാന്തി അകറ്റണമെന്നുമാണ് കേന്ദ്രമന്ത്രിയുടെ നിര്‍ദ്ദേശം.

50 ലക്ഷം ഡോസ് വാക്‌സിന്‍ ഇനിയും വേണം, രണ്ട്‌ലക്ഷം മാത്രമേ കയ്യിലുളളവെന്നാണ് ആരോഗ്യമന്ത്രി പറയുന്നത്. അടുത്ത നാലുദിവസത്തിനുളളില്‍ 6.5 ലക്ഷം ഡോസ് വാക്‌സിന്‍ കേന്ദ്രം സംസ്ഥാനത്തിന് നല്‍കും .കോവിഡ് സാഹചര്യം ഏറെ ആശങ്ക ഉണ്ടാാക്കുന്നുണ്ട്. കാവല്‍ സര്‍ക്കാരാണെങ്കില്‍ പോലും കേരളത്തിലെ നിയന്ത്രണത്തില്‍ സര്‍ക്കാര്‍ ഇടപെടണം. സര്‍ക്കാരിന് അവധിയെടുത്ത് മാറിനില്‍ക്കാനാവില്ലന്നും മുരളീധരന്‍ ഒപറഞ്ഞു. വാക്‌സിന്‍ വിതരണം തുടങ്ങിയപ്പോള്‍ 76 ലക്ഷം പേരുണ്ടെന്നാണ് കേരളം അറിയിച്ചത്. 62 ലക്ഷം പേര്‍ ഇന്നലെവരെ വാക്‌സിന്‍ എടുത്തു.

ആശുപത്രിയിലെ സൗകര്യങ്ങള്‍ ജില്ലാ തലത്തില്‍ പരസ്യപ്പെടുത്തണം. കേരളത്തില്‍ ഓക്‌സിജന്‍ ക്ഷാമം ഉണ്ടാകേണ്ട സാഹചര്യമില്ല. ആന്റിജന്‍ പരിശോധനയല്ല ആര്‍ടിപിസിആര്‍ പരിശോധനയാണ് നടത്തേണ്ടത് . കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് വാക്‌സിന്‍ നല്‍കുക.അല്ലാത്തവരെ വാക്‌സിന്‍ എടുക്കാന്‍ പ്രേരിപ്പിക്കുക.രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും വാക്‌സിന്‍ നല്‍കുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. മാസ്‌ക് ധരിച്ചതുകൊണ്ടുമാത്രം രോഗ നിയന്ത്രണം ആകുന്നില്ലെന്നും മറ്റു‌നിയന്ത്രണങ്ങള്‍കൂടി കടുപ്പിക്കണമെന്നും വി.മുരളീധരന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →