കോവിഡ് മരുന്ന് കയറ്റുമതിക്ക് ശ്രമിച്ചു; 3 മലയാളികള്‍ ഉള്‍പ്പടെ 6 പേര്‍ അറസ്റ്റില്‍

ചണ്ഡീഗഡ്: കോവിഡ് ചികിത്സയ്ക്കുള്ള റെംഡിസിവര്‍ മരുന്നു നിയമവിരുദ്ധമായി കയറ്റുമതി ചെയ്യാനുള്ള ശ്രമത്തിനിടെ മൂന്നു മലയാളികള്‍ ഉള്‍പ്പെടെ ആറു പേര്‍ അറസ്റ്റിലായി. മലയാളികളായ അഭിഷേക്, ജേക്കബ്, ഫ്രാന്‍സിസ് എന്നിവരും ഡല്‍ഹി, മധ്യപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളില്‍നിന്നുള്ളവരുമാണ് പിടിയിലായത്. ജേക്കബ് (ബോബി) പാലാ സ്വദേശിയും ഫ്രാന്‍സിസ് ഏറ്റുമാനൂര്‍ സ്വദേശിയുമാണ്. ഫ്രാന്‍സിസ് ഫാര്‍മസിക്യൂട്ടിക്കല്‍ രംഗത്താണ് പ്രവര്‍ത്തിക്കുന്നത്. ബാദി ബയോടെക് ലിമിറ്റിഡില്‍ നിര്‍മ്മിച്ച മൂവായിരം ഡോസ് വാക്‌സിനാണ് ഇവര്‍ വിദേശത്തേക്കു കയറ്റുമതിക്കു ശ്രമിച്ചത്. ബാദി സെക്ടര്‍ 17ലുള്ള പഞ്ചനക്ഷത്ര ഹോട്ടലില്‍ മരുന്നു കൈമാറാനുള്ള ശ്രമത്തിനിടെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിനു പിന്നില്‍ വന്‍ ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നു ചണ്ഡിഗഡ് എസ്.പി. കേറ്റന്‍ ബന്‍സല്‍ പറഞ്ഞു. അറസ്റ്റിലായവരെ നാലു ദിവസത്തേക്കു പോലീസ് കസ്റ്റഡിയില്‍ വിട്ടു. പാലാ സ്വദേശിയായ ജേക്കബിനെതിരേ വേറെയും തട്ടിപ്പു കേസുകളുണ്ട്. ഗോവയില്‍ തട്ടിപ്പ് നടത്തിയതിനു മുമ്പു ബോബിക്കെതിരേ അവിടത്തെ പോലീസ് കേസെടുത്തിരുന്നു. കോവിഡ് ചികിത്സയ്ക്കുള്ള ഏറ്റവും ഫലപ്രദമായ മരുന്നാണ് റെംഡിസിവര്‍.

Share
അഭിപ്രായം എഴുതാം