ന്യൂഡൽഹി: 2021 ലെ ഇന്ത്യയുടെ സാമ്പത്തിക ഉൽപാദനം 2019 ലേതിനേക്കാൾ താഴെയായിരിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സാമൂഹിക കമ്മീഷൻ ഫോർ ഏഷ്യ ആൻഡ് പസഫിക് (UNESCAP) റിപ്പോർട്ട്.
ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കുറിച്ച് ആശങ്ക രേഖപ്പെടുത്തുന്ന “സാമ്പത്തിക, സാമൂഹിക സർവേ ഓഫ് ഏഷ്യ, ദി പസഫിക് 2021 ‘ റിപ്പോർട്ട് 30/03/21 ചൊവ്വാഴ്ചയാണ് പ്രസിദ്ധീകരിച്ചത്.
‘പുതിയ കോവിഡ് -19 കേസുകളിൽ ഇന്ത്യയിൽ വലിയ കുറവുണ്ടായി, വാക്സിനേഷനും ആരംഭിച്ചു, എങ്കിലും ഇന്ത്യയുടെ 2021 സാമ്പത്തിക ഉൽപാദനം 2019 ലേതിനേക്കാൾ താഴെയായിരിക്കുമെന്നാണ് കരുതുന്നത് ‘ റിപ്പോർട്ട് പറയുന്നു.
നിഷ്ക്രിയ വായ്പകൾ തടഞ്ഞുവയ്ക്കുന്നത് ഒരു വെല്ലുവിളിയാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
റിപ്പോർട്ട് അനുസരിച്ച്, 2021-22ൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച 7 ശതമാനമായിരിക്കുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 7.7 ശതമാനമാണ് കുറവുണ്ടായത്. സാധാരണ ബിസിനസ് പ്രവർത്തനങ്ങളെ മഹാമാരി സാരമായി ബാധിച്ചു.
‘ലോകത്തിലെ ഏറ്റവും കർശനമായ ലോക്ക് ഡൗണുകളിൽ ഒന്നായിരുന്നു ഇന്ത്യയിൽ ,ഇതിനെത്തുടർന്ന് 2020 രണ്ടാം പാദത്തിൽ രാജ്യം കടുത്ത സാമ്പത്തിക തകർചയെ നേരിട്ടു ‘ റിപ്പോർട്ട് പറയുന്നു.

