റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇ ഡിയ്ക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി, ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്യരുത്

March 31, 2021 - 6:00 pm

കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ഇഡിയുടെ ആവശ്യം തള്ളികൊണ്ടാണ് ബുധനാഴ്ച(31/03/21)ഹൈക്കോടതി ഉത്തരവ്. ഉദ്യോഗസ്ഥരുടെ അറസ്റ്റ് പാടില്ലെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇഡി നല്‍കിയ ഹര്‍ജി ഏപ്രിൽ എട്ടിന് വീണ്ടും പരിഗണിക്കും.

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന ആരോപണത്തിലെ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി ഹൈക്കോടതിയെ സമീപിച്ചത്. ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി അന്വേഷണ ഉദ്യോഗസ്ഥനായ പി രാധാകൃഷ്ണനാണ് ഹൈക്കോടതിയെ സമീപിച്ചത്.

ക്രൈംബ്രാഞ്ചിന്റെ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇഡിയുടെ നീക്കം. ‘എഫ്ഐആര്‍ അസംബന്ധമാണ്. സ്വര്‍ണ കടത്ത് കേസില്‍ ഇഡിയുടെ അന്വേഷണം ശരിയാണോ എന്ന് സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കുന്നത് ശരിയായ നടപടിയല്ല. നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതിന് സമമാണ്. ഇത്തരം അന്വേഷണങ്ങളെല്ലാം തെളിവുകള്‍ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.’
ഇത് അംഗീകരിച്ചുകൊടുത്താല്‍ നിയമവ്യവസ്ഥയുടെ പ്രാധാന്യം ഇല്ലാതാകുമെന്നുമാണ് ഇഡി കോടതിയില്‍ വാദിച്ചത്.


എന്നാല്‍, തെളിവുകള്‍ വ്യാജമായി ഉണ്ടാക്കിയല്ല തങ്ങള്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന മറുവാദം ക്രൈംബ്രാഞ്ചും കോടതിയില്‍ ഉന്നയിച്ചിട്ടുണ്ട്. അത്തരമൊരു തോന്നല്‍ ഇഡിക്കുണ്ടാവുന്നത് കൃത്രിമമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അവര്‍ കേസുകള്‍ അന്വേഷിക്കുന്നതുകൊണ്ടാണ്. അത്തരം അന്വേഷണം നടത്തുന്ന ഏജന്‍സിക്ക് അങ്ങനെ തോന്നുന്നത് സ്വാഭാവികമാണ് എന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ വാദിച്ചു. ക്രിമിനല്‍ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനാണ് ഹരജിക്കാരന്‍. അതുകൊണ്ടുതന്നെ ഈ ഹരജിക്ക് പിന്നില്‍ മറ്റ് ഗുഢ താല്‍പര്യങ്ങളുണ്ടെന്നും ക്രൈംബ്രാഞ്ച് ആരോപിച്ചു.

മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി നല്‍കാന്‍ സ്വര്‍ണകടത്ത് പ്രതികളില്‍ സമ്മര്‍ദ്ദം ചെലുത്തി എന്നാരോപിച്ചാണ് ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിലാണ് കേസ്. ഗൂഢാലോചന നടത്തിയതിനും ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്വപ്നയുടെ ശബ്ദരേഖയെ ക്കുറിച്ചുള്ള അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് നടപടി. സ്വപ്നയുടെ സുരക്ഷക്കായി നിയോഗിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയും കേസെടുക്കുന്നതില്‍ നിര്‍ണായകമായിട്ടുണ്ട്. കേന്ദ്ര അന്വേഷണ ഏജന്‍സിക്കെതിരെ സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പൊലീസ് കേസെടുക്കുന്നത് അപൂര്‍വമായാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *