പട്യാല:ദേശീയ റെക്കോര്‍ഡിനൊപ്പം ഒളിമ്പിക്സ് ടിക്കറ്റും ഉറപ്പിച്ച് വനിതാ ഡിസ്‌കസ് താരം കമല്‍പ്രീത് കൗര്‍.പട്യാലയില്‍ നടക്കുന്ന ദേശീയ ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 65.06 മീറ്ററിലേക്കു ഡിസ്‌കസ് പറത്തിയാണു കൗറിന്റെ മുന്നേറ്റം.ഒളിമ്പിക്സ് യോഗ്യതാ മാര്‍ക്കായ 63.5 മീറ്ററെന്ന കടമ്പയാണു കൗര്‍ ആദ്യം ലക്ഷ്യമിട്ടത്. ഇത് അനായാസം താണ്ടിയ അവര്‍ 65 മീറ്ററിനപ്പുറം താണ്ടിയ ആദ്യ ഇന്ത്യന്‍ വനിതാ ഡിസ്‌കസ് താരമെന്ന ഖ്യാതിയും സ്വന്തം പേരിലാക്കി.2012-ല്‍ കൃഷ്ണ പൂനിയ സ്ഥാപിച്ച 64.76 മീറ്ററെന്ന റെക്കോഡാണു പഴങ്കഥയായത്.പുരുഷവിഭാഗം ട്രിപ്പിള്‍ ജമ്പില്‍ കേരള താരം കാര്‍ത്തിക് ഉണ്ണിക്കൃഷ്ണന്‍ 16.73 മീറ്റര്‍ ചാടി സ്വര്‍ണം കരസ്ഥമാക്കി. അബ്ദുള്ള (16.59), എല്‍ദോസ് പോള്‍ (16.53) എന്നിവര്‍ക്കാണ് വെള്ളിയും വെങ്കലവും.




