റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാലാവസ്ഥാ വ്യതിയാനവും കോവിഡും തീർത്ത ദുരിതച്ചുഴിയിൽ ലോകം, 88 ദശലക്ഷത്തിലേറെ മനുഷ്യർ പട്ടിണിയിലെന്ന് ഐക്യരാഷ്ട്ര സംഘടന

March 12, 2021 - 7:30 pm

വാഷിംഗ്ടൺ: കാലാവസ്ഥാ വ്യതിയാനവും കോവിഡ് മഹാമാരിയും വലിയൊരു ഭാഗം മനുഷ്യരെ പട്ടിണിയിലേക്ക് തളളിയിട്ടതായി ഐക്യരാഷ്ട്ര സംഘടന. രൂക്ഷമായ ക്ഷാമ കാലത്തിലൂടെയാണ് പല ആഫ്രോ എഷ്യൻ രാജ്യങ്ങളും കടന്നു പോകുന്നത്. ഇതിൻ്റെ അടിയന്തിര പരിഹാരത്തിനായി 5.5 ബില്യൺ ഡോളറെങ്കിലും ഐക്യരാഷ്ട്ര ഭക്ഷ്യ ഏജൻസികൾക്ക് ആവശ്യമുണ്ടെന്നും യു എൻ പറയുന്നു.

“അടിയന്തിര നടപടികൾ ആവശ്യമാണ് ആഫ്രിക്കയിലെ സഹീൽ മുതൽ അഫ്ഗാനിസ്ഥാൻ വരെയുള്ള പ്രദേശത്തെ ദശലക്ഷക്കണക്കിന് ആളുകൾ കടുത്ത പട്ടിണിയുടെയും മരണത്തിന്റെയും വക്കിലാണ്”യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് 11/03/21 വ്യാഴാഴ്ച മുന്നറിയിപ്പ് നൽകി.

ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ സംബന്ധിയായ രണ്ട് പ്രമുഖ സ്ഥാപനങ്ങളായ വേൾഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യുഎഫ്‌പി), ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (എഫ്എഒ) എന്നിവ സംഘടിപ്പിച്ച കോൺഫറൻസ് കൗൺസിൽ ചർച്ചയുടെ തുടക്കത്തിൽ സംസാരിക്കവെയാണ് സെക്രട്ടറി ജനറൽ കടുത്ത മുന്നറിയിപ്പ് നൽകിയത്. “നിങ്ങൾ ആളുകളുടെ പട്ടിണി മാറ്റാൻ ശ്രമിക്കുന്നില്ല എങ്കിൽ നിങ്ങൾ സംഘർഷത്തെ പോഷിപ്പിക്കുന്നു. അടിയന്തിര ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്ന 34 ദശലക്ഷം ആളുകളെ സഹായിക്കാൻ 5.5 ബില്യൺ ഡോളർ അടിയന്തരമായി സമാഹരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ”സെക്രട്ടറി ജനറൽ പറഞ്ഞു.

2020 അവസാനത്തിൽ 88 ദശലക്ഷത്തിലധികം ആളുകൾ സംഘർഷവും അസ്ഥിരതയും മൂലം കടുത്ത പട്ടിണി അനുഭവിക്കുകയായിരുന്നു എന്നാണ് യു.എൻ പറയുന്നത്. മുൻ വർഷത്തേക്കാൾ 20 ശതമാനത്തിൻ്റെ വർധനവാണിത്. 2021 ലെ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത് കാലാവസ്ഥാ ആഘാതവും കോവിഡും പട്ടിണിയുടെ ദുരിതങ്ങൾ വർദ്ധിപ്പിക്കുമെന്നാണ്. സഹീൽ മേഖലയിലെയും കിഴക്കൻ ആഫ്രിക്കയിലെയും തെക്കു പടിഞ്ഞാറൻ ഏഷ്യയിലെയും പട്ടിണി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും യു എൻ വിലയിരുത്തുന്നു. ദക്ഷിണ സുഡാൻ, യെമൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ പട്ടിണി അനിയന്ത്രിതമായി വർദ്ധിച്ചുവരികയാണെന്ന് സെക്രട്ടറി ജനറൽ പറഞ്ഞു.

മൂന്ന് ഡസനിലധികം രാജ്യങ്ങളിലെ 30 ദശലക്ഷത്തിലധികം ആളുകൾ കൊടിയ ക്ഷാമത്തിൽ നിന്ന് ഒരു പടി മാത്രം അകലെയാണ്. സ്ത്രീകളും പെൺകുട്ടികളും ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും നിർബന്ധിത സ്ഥലം മാറ്റത്തിനും പോഷകാഹാരക്കുറവിനും ഇരയാകുന്നു.

ചില രാജ്യങ്ങളിൽ, ക്ഷാമം ഇപ്പോൾ തന്നെ തീവ്രമാണ്. യമൻ, ദക്ഷിണ സുഡാൻ, ബർകിന ഫാസോ എന്നിവയുടെ ഭാഗങ്ങൾ ക്ഷാമത്തിന്റേയോ ക്ഷാമത്തിന് സമാനമായ അവസ്ഥയുടേയോ പിടിയിലാണ്. 150,000 ൽ അധികം ആളുകൾ പട്ടിണിയുടെ നിഴലിലാണ്. 16 ദശലക്ഷം ആളുകൾ ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്ന യെമനിൽ, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിൽ പകുതിയും ഇപ്പോൾ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നു.

ദക്ഷിണ സുഡാനിൽ, ജനസംഖ്യയുടെ 60 ശതമാനവും പട്ടിണിയെ അഭിമുഖീകരിക്കുന്നു. ഇവിടെ ഭക്ഷ്യവസ്തുക്കളുടെ വിലയും വളരെ ഉയർന്നതാണ്, ഒരു പ്ലേറ്റ് അരിയും പയറും വാങ്ങാൻ ശരാശരി ദിവസക്കൂലിയുടെ 180 ശതമാനത്തിലധികം ചിലവാക്കേണ്ടി വരുന്ന സ്ഥിതിയാണ്, ഇത് ന്യൂയോർക്കിൽ ഏകദേശം 400 ഡോളറിന് തുല്യമാണ്.

2020 ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ ലോകത്തിലെ തന്നെ ഏറ്റവും കടുത്ത ഭക്ഷ്യ പ്രതിസന്ധിയാണ് നേരിട്ടത്. കോംഗോയിൽ 21.8 ദശലക്ഷം ആളുകൾ 2020 ജൂലൈ മുതൽ ഡിസംബർ വരെ കടുത്ത പട്ടിണി നേരിട്ടിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *