അന്താരാഷ്ട്ര വനിതാ ദിനം: വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു

മലപ്പുറം: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതലത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. യോഗങ്ങള്‍, സെമിനാറുകള്‍, വെബിനാറുകള്‍, പരേഡുകള്‍, സാഹസിക പരിപാടികള്‍, കലാപരിപാടികള്‍, സ്ത്രീകള്‍ക്ക് കരിയര്‍ ഗൈഡന്‍സ്, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ മേള തുടങ്ങി മാര്‍ച്ച് 25 വരെ നീളുന്ന വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. മാര്‍ച്ച് എട്ടിന് രാവിലെ 10ന് ജില്ലാ പ്ലാനിങ് ഹാളില്‍ ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ വനിതാദിനത്തോടനുബന്ധിച്ചുള്ള പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ എ.എ ഷറഫുദീന്‍ അധ്യക്ഷനാവും. സ്ത്രീകള്‍ക്കായുള്ള ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ പരിപാടി ‘കാതോര്‍ത്ത്’ ന്റെ ജില്ലാതല ഉദ്ഘാടനവും ജില്ലാകലക്ടര്‍ നിര്‍വഹിക്കും. തുടര്‍ന്ന് ഉദ്യോഗസ്ഥരായ വനിതകള്‍ക്ക് സെമിനാറും സംഘടിപ്പിക്കും.
വൈകീട്ട് 3:30ന് മലപ്പുറം കുന്നുമ്മല്‍ മലയാള മനോരമ സര്‍ക്കിളില്‍ ഫ്‌ളാഷ് മോബും തെരുവുനാടകവും സംഘടിപ്പിക്കും.

വനിതാ ദിനസന്ദേശം ആളുകളിലേക്കെത്തിക്കാന്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ പങ്കെടുക്കുന്ന വനിതാദിന ഘോഷയാത്ര റാലി ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ത് ദാസ് ഫ്‌ളാഗ് ഓഫ് ചെയ്യും. റാലിക്ക്  ശേഷം കോട്ടപ്പടി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത്  ബ്രെക്കിങ് സ്ട്രീരിയോടൈപ്പ്‌സി‌ന്റെ ഭാഗമായി സ്ത്രീകള്‍ക്കായി സാഹസിക പരിപാടികളും നടത്തും. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറും. ‘കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ തുല്യഭാവി കൈവരിക്കാന്‍ സ്ത്രീ നേതൃത്വം’ എന്നതാണ് ഈ വര്‍ഷത്തെ ദിനത്തിന്റെ വിഷയം.

വനിതാദിനത്തോടനുബന്ധിച്ച് വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികളാണ് മാര്‍ച്ച് മൂന്ന് മുതല്‍ സംഘടിപ്പിച്ചുവരുന്നത്. ‘തൊഴില്‍-ലിംഗത്വ കാഴ്ച്ചപ്പാടില്‍’  ‘ആരോഗ്യത്തിലും പോഷകത്തിലും ലിംഗനീതിയുടെ  കാഴ്ച്ചപ്പാട്, സ്ത്രീ നേതൃത്വം- തൊഴിലിടങ്ങളില്‍, കുടുംബത്തില്‍, പൊതു ഇടങ്ങളില്‍, അധികാര കേന്ദ്രങ്ങളില്‍ എന്നീ വിഷയങ്ങളില്‍ വനിതകള്‍ക്കായി വെബിനാറുകള്‍ സംഘടിപ്പിച്ചു. തിരൂര്‍ തീരദേശ മേഖലയിലെയും നിലമ്പൂര്‍ പട്ടിക വര്‍ഗ മേഖലയിലെയും വനിതകള്‍ക്കും ജില്ലയിലെ വിദ്യാര്‍ത്ഥിനികള്‍ക്കുമായി വിവിധ സെമിനാറുകള്‍, പട്ടിക വര്‍ഗമേഖലയിലെ സ്ത്രീകള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ മേളയും നടത്തി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →