2020 ൽ ആഗോളതലത്തിൽ ശതകോടീശ്വരന്മാരുടെ എണ്ണം സർവകാല റെക്കോർഡിലെത്തിയെന്ന് റിപ്പോർട്ട്, മുകേഷ് അംബാനി ലോകത്ത് എട്ടാം സ്ഥാനത്ത്

ലണ്ടൺ: കോവിഡ് 19 മൂലമുണ്ടായ സാമ്പത്തിക മാന്ദ്യം ലോകത്തിലെ ശതകോടീശ്വരൻമാരെ തരിമ്പും ബാധിച്ചിട്ടില്ല എന്നാണ് 02/03/21 ചൊവ്വാഴ്ച പുറത്തിറങ്ങിയ ‘ഹ്യുറൻ ഗ്ലോബൽ റിച്ച് ലിസ്റ്റ് 2021 ന്റെ പത്താം പതിപ്പ്’ പറയുന്നത്. 2020 ൽ ലോകമാകെ പുതുതായി വളർന്നു വന്നത് 607 ശതകോടീശ്വരൻമാരാണത്രേ.
ഇന്ത്യയിൽ കോവിഡിനിടയിലും 55 ശതകോടീശ്വരൻമാർ പുതുതായി ഉണ്ടായി.

ടെസ്‌ലയുടെ എലോൺ മസ്‌ക് 151 ബില്യൺ ഡോളർ കൂട്ടിച്ചേർത്ത് 197 ബില്യൺ ഡോളർ ആസ്തിയോടെ ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയായി. ആമസോണിന്റെ ജെഫ് ബെസോസിന് 189 ബില്യൺ ഡോളർ ആസ്തിയുണ്ട്. എൽ‌വി‌എം‌എച്ച് ചെയർമാനും സിഇഒയുമായ മൊയ്റ്റ് ഹെന്നിസി – ലൂയി വിറ്റൺ ബെർണാഡ് അർനോൾട്ട് (114 ബില്യൺ ഡോളർ), മൈക്രോസോഫ്റ്റിന്റെ ബിൽ ഗേറ്റ്സ് (110 ബില്യൺ ഡോളർ), ഫേസ്ബുക്കിന്റെ മാർക്ക് സക്കർബർഗ് (101 ബില്യൺ ഡോളർ) എന്നിവരാണ് തൊട്ടുപിന്നിൽ. 83 ബില്യൺ ഡോളർ ആസ്തിയോടെ ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയായ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ആഗോള സമ്പന്ന പട്ടികയിൽ എട്ടാം സ്ഥാനത്തെത്തി.

കോവിഡ്- 19 മൂലമുണ്ടായ തടസ്സങ്ങൾക്കിടയിലും, കഴിഞ്ഞ ദശകത്തിലെ ഏറ്റവും വലിയ സമ്പത്ത് വർദ്ധനവ് 2020 ൽ ഉണ്ടായെന്നാണ് റിപ്പോർട്ട് പറയുന്നത്. ആഗോളതലത്തിൽ മൊത്തം ശതകോടീശ്വരന്മാരുടെ എണ്ണം 2020 ൽ 3,288 എന്ന റെക്കോർഡിലെത്തി. “കോവിഡ് മഹാമാരി ഉണ്ടായിരുന്നിട്ടും ലോകമെമ്പാടുമുള്ള എല്ലാ ശതകോടീശ്വരന്മാരുടെയും സമ്പത്ത് അവലോകന കാലയളവിൽ 32 ശതമാനം ഉയർന്ന് 14.7 ട്രില്യൺ ഡോളറിലെത്തി,” ഹ്യൂറൻ റിപ്പോർട്ട് പറയുന്നു.

Share
അഭിപ്രായം എഴുതാം