ഏറെക്കാലമായി തന്നെ തമിഴ് കമ്പം അലട്ടുന്നതായി മോദി

ന്യൂഡല്‍ഹി: തമിഴ് പഠിക്കാത്തതിന്റെ കുണ്ഠിതവുമായി മന്‍ കി ബാത്ത് പരിപാടിയില്‍ മോദി. തമിഴ്‌നാട്ടില്‍ അടക്കം അഞ്ചിടത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയിലാണ് ആകാശവാണിയിലൂടെ നടത്തുന്ന പ്രഭാഷണത്തില്‍ തമിഴ് കമ്പം മോദി പുറത്തെടുത്തത്. ദീര്‍ഘകാലത്തെ തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഏറെക്കാലമായി അലട്ടുന്ന സങ്കടമാണ് തമിഴ് പഠിക്കാന്‍ കഴിയാത്തതെന്ന് മോദിപറഞ്ഞു. ലോകത്തെ ഏറ്റവും പഴക്കമുളള ഭാഷയിലെ കവിതയും സാഹിത്യവുമെല്ലാം ഏറെ പ്രശംസിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയായും പ്രധാന മന്ത്രിയായും പ്രവര്‍ത്തിച്ചതിനിടയില്‍ ഉണ്ടായിട്ടുളള നഷ്ട ബോധത്തെക്കുറിച്ച് അപര്‍ണ്ണ റെഡ്ഡിയെന്ന ശ്രോതാവിന്റെ ചോദ്യത്തിനുളള മറുപടിയിലാണ് തമിഴ് വശമാക്കാന്‍ കഴിയാഞ്ഞതിലുളള സങ്കടം മോദി വിവരിച്ചത്. തമിഴ് മനോഹരമായ ഭാഷയാണെന്നും ലോകമെങ്ങും അറിയപ്പെടുന്ന തമിഴ് സാഹിത്യത്തിന്റെ മേന്മയെക്കുറിച്ച് പലരും തന്നോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്റില്‍ നടത്തിയ പല പ്രസംഗങ്ങളിലും തമിഴ് സാഹിത്യ ശകലങ്ങള്‍ അവസോരോചിതം അദ്ദേഹം പലപ്പോഴും എടുത്ത് ഉപയോഗിച്ചിട്ടുണ്ട്. ന്യൂയോര്‍ക്കില്‍ യു.എന്‍ പൊതുസഭയില്‍ സംസാരിച്ചപ്പോഴും തമിഴ് കടന്നുവന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി മോദി നടത്തിയ അനൗപചാരിക ഉച്ചകോടിയില്‍ മഹാബലിപുരത്ത് തമിഴ് ശൈലിയില്‍ വേഷ്ടി ധരിച്ചാണ് എത്തിയത്. തമിഴിനൊപ്പം മലയാളത്തില്‍ നിന്നും ഉളള ഉദ്ധരണികള്‍ പലപ്പോഴും അദ്ദേഹം എടുത്ത് പ്രയോഗിക്കാറുണ്ട്.

ദ്രാവിഡ സംസ്‌കാരം വാഴുന്ന തമിഴ്‌നാട്ടില്‍ പച്ചപിടിക്കാന്‍ ബിജെപിക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ഇത്തവണ നിയമ സഭാ തെരഞ്ഞെടുപ്പില്‍ എഐഡിഎംകെ യിക്കൊപ്പമാണ് . മഴവെളള സംഭരണം, ശാസ്ത്രദിന പ്രത്യേകതകള്‍, എന്നിങ്ങനെ വിവധ വിഷയങ്ങളെ കേന്ദ്രീകരിച്ചായിരുന്നു മോദിയുടെ ഇത്തവണത്തെ മന്‍കി ബാത്ത്. കോവിഡ് വ്യാപനത്തിനെതിരെ ജാഗ്രത തുടരാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Share
അഭിപ്രായം എഴുതാം