തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ നേതാവ് രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്തയായ കൊല്ലത്തെ കടലില്‍ ചാട്ടവും മീന്‍ പിടിക്കലും ചൂണ്ടിക്കാട്ടി വയനാട് എംപിയെ മുഖ്യമന്ത്രി പരിഹസിച്ചു. നല്ല ടൂറിസ്റ്റാണ് രാഹുല്‍ ഗാന്ധിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകത്തിലെ പലയിടങ്ങളിലും ശാന്തമായ കടലില്‍ പോയി ടൂറിസ്റ്റുകള്‍ ചാടാറുണ്ട്. കേരളത്തിലെ കടല്‍ അങ്ങനെ നീന്താന്‍ ഉപയോഗിച്ചിരുന്ന കടല്‍ അല്ല. രാഹുല്‍ ഗാന്ധിയുടെ ചാട്ടം ടൂറിസം വകുപ്പിന് മുതല്‍ക്കൂട്ടായി. പക്ഷെ, കേരളത്തിലെ കടല്‍ അത്രയ്ക്ക് ശാന്തമാണെന്ന് കരുതേണ്ടെന്നും സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പ്രസംഗിച്ചു. 28/02/21 ഞായറാഴ്ച ഡിവൈഎഫ്‌ഐയുടെ യുവമഹാസംഗമം ശംഖുമുഖം കടപ്പുറത്ത് ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു പിണറായിയുടെ പ്രസ്താവന.
“പക്ഷെ, വളരെ ശാന്തമല്ല കേരളത്തിലെ കടല്‍ കേട്ടോ. അത് തെറ്റിദ്ധരിച്ചേക്കരുത്. കടലിന്റെ രീതി ശരിക്ക് മനസിലാക്കിയെ ചാടാന്‍ പാടുള്ളൂ. എന്തെല്ലാം നാടകങ്ങളാണ് നമ്മുടെ നാട്ടില്‍ അരങ്ങേറുന്നത്. എന്തിന്? ഞങ്ങളെ മറ്റൊരു രീതിയില്‍ ചിത്രീകരിക്കാന്‍ അല്ലേ? അതുകൊണ്ടൊന്നും നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ല. കാരണം എല്‍ഡിഎഫ്, ജനങ്ങള്‍ക്കൊപ്പമാണ്, ജനങ്ങള്‍ എല്‍ഡിഎഫിനൊപ്പമാണ്. ഇത് പ്രതിപക്ഷം നല്ലതുപോലെ മനസിലാക്കണം. നാടിന് വേണ്ടി ചിന്തിക്കാന്‍ സന്നദ്ധമാകുക. നാടിന്റെ കൂടെ നില്‍ക്കാന്‍ പഠിക്കുക. അങ്ങനെയുണ്ടായാല്‍ നിങ്ങളെ കൈയൊഴിഞ്ഞവര്‍ നിങ്ങളെ സഹാനുഭൂതിയോടെ നോക്കിയെന്ന് വരും”
മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

