റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രതിരോധമേഖലയ്ക്ക് സമര്‍പ്പിത നിധി വരുന്നു:ധനകാര്യകമ്മിഷന്റെ ശുപാര്‍ശകളും ബജറ്റില്‍

February 2, 2021 - 1:04 pm

ന്യൂഡല്‍ഹി: പ്രതിരോധ, ആഭ്യന്തര സുരക്ഷാസേനയ്ക്കുള്ള ആധുനികവല്‍ക്കരണ ഫണ്ട്(എം.എഫ്.ഡി.ഐ.എസ്.) ലാപ്‌സാകാത്ത സമര്‍പ്പിത നിധി രൂപീകരിക്കണം തുടങ്ങിയ പതിനഞ്ചാം ധനകാര്യകമ്മിഷന്റെ ശുപാര്‍ശകള്‍ കേന്ദ്ര ബജറ്റില്‍ ഇടംപിടിച്ചു. പ്രതിരോധസുരക്ഷാസേനയ്ക്ക് ആദ്യമായി ലാപ്‌സാകാത്ത ഫണ്ട് സൃഷ്ടിക്കണമെന്ന ധനകമ്മിഷന്‍ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചതായും സൂചനയുണ്ട്. ഇക്കാര്യം പതിനഞ്ചാം ധനകാര്യകമ്മിഷനുമേലുള്ള നടപടി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയുണ്ടെന്നാണു സൂചന. 4.78 ലക്ഷം കോടി രൂപയാണ് ഇക്കുറി പ്രതിരോധമേഖലയ്ക്കായി ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 19 ശതമാനത്തിന്റെ വര്‍ധന. 15 വര്‍ഷത്തിനിടെ പ്രതിരോധമേഖലയ്ക്കായി നീക്കിവയ്ക്കുന്ന ഏറ്റവും ഉയര്‍ന്ന ബജറ്റ്‌വിഹിതംകൂടിയാണിത്.

2021-26 കാലയളവിലേയ്ക്കുള്ള ആകെ നിധി 2,38,354 കോടി രൂപയുടേതാണ്. നവംബര്‍ ഒന്‍പതിനാണ് എന്‍.കെ. സിങ് അധ്യക്ഷനായ പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ആരോഗ്യമേഖലയില്‍ ഇത്തോജനവും സംസ്ഥാനങ്ങളുടെ കടമെടുപ്പു പരിധി ഉയര്‍ത്തുകയും വഴി പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ സുപ്രധാന ശിപാര്‍ശകള്‍ ബജറ്റില്‍ ഇടംപിടിച്ചു.

കേന്ദ്രനികുതിയുടെ 41% 2021 സാമ്പത്തികവര്‍ഷം സംസ്ഥാനങ്ങള്‍ക്കു നല്‍കണമെന്ന് കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. മുന്‍വര്‍ഷം ഇത് ഒരുശതമാനം കൂടുതലായിരുന്നു. ജമ്മു കശ്മീര്‍ രണ്ടുകേന്ദ്ര ഭരണപ്രദേശങ്ങളായി മാറിയ പശ്ചാത്തലത്തിലാണ് ഒരു പോയിന്റ് താഴ്ത്തിയുള്ള അഡ്ജസ്റ്റ്‌മെന്റ്.
പ്രതിരോധ മേഖലയിലെ ദീര്‍ഘകാലചെലവുകള്‍ നേരിടുന്നതിന് സെസ് മുഖേനയോ കേന്ദ്രവും സംസ്ഥാനങ്ങളും പങ്കിട്ടെടുക്കാവുന്ന തരത്തിലുള്ള ഫണ്ടോ രൂപീകരിക്കണമെന്നായിരുന്നു ധനകമ്മിഷന്‍ ശിപാര്‍ശ. ഈ നിര്‍ദേശം സ്വീകരിച്ചതോടെ രാജ്യത്തിന് ആദ്യമായി സ്ഥിരം പ്രതിരോധ ഫണ്ട് രൂപീകരിക്കപ്പെടും.

പ്രതിരോധസേനകള്‍ക്കായി ആയുധങ്ങള്‍ വാങ്ങുന്നതിനും നവീകരണത്തിനുമുള്‍പ്പെടെയുള്ള വിഹിതത്തിലും വര്‍ധനയുണ്ട്. പ്രതിരോധമേഖലയുടെ മൂലധനച്ചെലവ് 1.35 ലക്ഷം കോടി രൂപയായാണു വര്‍ധിപ്പിച്ചത്. നേരത്തേ ഇത് 1.13 ലക്ഷം കോടിയായിരുന്നു.

1.35 ലക്ഷം കോടി രൂപയുടെ മൂലധനച്ചെലവ് ഉള്‍പ്പെടെ 4.78 ലക്ഷം കോടിരൂപ പ്രതിരോധ മേഖലയ്ക്കായി ബജറ്റില്‍ നീക്കിവച്ചതിന് പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും പ്രത്യേകനന്ദി അറിയിക്കുന്നതായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ട്വീറ്റ് ചെയ്തു. പ്രതിരോധ മൂലധനച്ചെലവില്‍ 19 ശതമാനം വര്‍ധനയുണ്ട്. 15 വര്‍ഷത്തിനിടെ പ്രതിരോധമേഖലയ്ക്കായി നീക്കിവയ്ക്കുന്ന ഏറ്റവും ഉയര്‍ന്ന വിഹിതമാണിതെന്നും അദ്ദേഹം പ്രതികരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *