തിരുവനന്തപുരം: പട്ടിക വിഭാഗങ്ങള്‍ക്കെതിരായ അതിക്രമ കേസുകളില്‍ കുറ്റപത്രം നല്‍കുന്നത് ഡിഐജിയുടെ സൂക്ഷ്മ പരിശോധനക്കും അനുമതിക്കും ശേഷം മതിയെന്ന് ഡിജിപിയുടെ നിര്‍ദ്ദേശം. നിലവില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ട് കോടതിയില്‍ കുറ്റ പത്രം സമര്‍പ്പിക്കുന്ന രീതിയാണുളളത്. എസ് പി മാരുടെ പരിശോധനക്കു ശേഷം റേഞ്ച് ഡിഐജിക്ക് കുറ്റപത്രം കൈമാറും. കുറ്റ പത്രത്തില്‍ അപാകതയുണ്ടെങ്കില്‍ അത് പരിഹരിച്ചശേഷമേ കോടതിയില്‍ സമര്‍പ്പിക്കൂ. പോക്‌സോ കേസുകളിലും സമാന രീതിയാണുളളത്.
പട്ടിക വിഭാഗങ്ങള്‍ക്കെതിരായ കേസുകളുടെ അവലോഹനം അഡി. എസ്പിയുടെ നേതൃത്വത്തില്‍ നടത്തി എസ്പിക്ക് കൈമാറണം. 60 ദിവസത്തിനുളളില്‍ കുറ്റ പത്രം സമര്‍പ്പിക്കണം. അതിക്രമങ്ങള്‍ പട്ടികജാതി പട്ടിക അതിക്രമ (നിരോധന) നിയമത്തിനുകീഴില്‍ വരുന്നതാണ് എന്ന് പ്രഥമ ദൃഷ്ട്യാ ബോദ്ധ്യമായാല്‍ കേസ് രജിസ്റ്റര്‍ ചെയ്യണം.
പരാതിക്കാര്‍ക്ക് ലഭിക്കുന്ന പ്രത്യേക ആനുകൂല്ല്യങ്ങളെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ അവരെ അറിയിക്കണം. പരാതിക്കാര്‍ക്ക് ആവശ്യമായ നിയമ സഹായത്തിന് ലീഗല്‍ സര്‍വീസ് അതോരിറ്റിയുടെ സഹായം തേടാവുന്നതാണ് . സ്ഥല മഹസര്‍ തയ്യാറാക്കല്‍, തെളിവുശേഖരണം എന്നിവയ്ക്ക് ഫോറന്‍സിക്ക് വിദഗ്ദ്ധന്റെ സാന്നിധ്യം ഉറപ്പാക്കണമെന്നും ഡിജിപി നിര്‍ദ്ദേശിച്ചു.

