അർണബിനു വേണ്ടി ദേശീയ സുരക്ഷയുടെ കാര്യത്തിൽ പോലും കേന്ദ്ര സർക്കാർ വിട്ടുവീഴ്ച ചെയ്യുകയാണെന്ന് സോണിയ ഗാന്ധി

ന്യൂഡൽഹി: അർണബ് ഗോസ്വാമിയുടെ വാട്‌സ്ആപ്പ് ചാറ്റുകൾ ചോർന്ന സംഭവത്തിൽ സർക്കാര്‍ കാതടപ്പിക്കുന്ന നിശബ്ദതയാണ് തുടരുന്നതെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ദേശീയ സുരക്ഷയുടെ കാര്യത്തിൽ സർക്കാർ വലിയ വിട്ടുവീഴ്ചയാണ് ചെയ്തതെന്നും സോണിയ ഗാന്ധി ആരോപിച്ചു.

കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിലെ ഉദ്ഘാടന പ്രസംഗത്തിലാണ് സോണിയ ഗാന്ധിയുടെ പ്രസ്താവന. കർഷക സമരവുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്ര സർക്കാർ പുലർത്തുന്ന ധാർഷ്ട്യം ഞെട്ടിക്കുന്നതാണെന്നും സോണിയ ഗാന്ധി ആരോപിച്ചു.

ദേശസ്നേഹത്തിന്റെയും ദേശീയതയുടെയും സർട്ടിഫിക്കറ്റുകൾ മറ്റുള്ളവർക്ക് നൽകുന്നവരുടെ തനിനിറം പുറത്തായെന്നും സോണിയ ഗാന്ധി പറഞ്ഞു. ഡൽഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് കാരണമായ കാർഷിക നിയമങ്ങൾ തിടുക്കത്തിൽ തയാറാക്കിയതാണെന്നും സോണിയ ഗാന്ധി പറഞ്ഞു.

Share
അഭിപ്രായം എഴുതാം