കൊവിഡിന്റെ ഉത്ഭവം: വിദഗ്ധ സംഘത്തിന് ചൈനയില്‍ പ്രവേശനമില്ല, നിരാശജനകമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് പഠിക്കുന്ന വിദഗ്ധ സംഘത്തിന് ചൈന പ്രവേശന അനുമതി നല്‍കുന്നില്ലെന്ന് ഡബ്ല്യൂഎച്ച്ഒ തലവന്‍ ടെഡ്രോസ് അഥനോം. അനുമതി നല്‍കാത്ത ചൈനയുടെ നടപടി ഏറെ നിരാശജനകമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

പത്തംഗ വിദഗ്ധ സംഘമാണ് ചൈനയിലേക്ക് ഈ ആഴ്ച എത്താനിരുന്നത്. രണ്ടു പേര്‍ ചൈനയിലേക്ക് യാത്ര തിരിച്ചു, മറ്റുള്ളവര്‍ക്ക് അവസാന നിമിഷം അനുമതി ലഭിച്ചില്ലെന്നും ടെഡ്രോസ് പറഞ്ഞു. അതേസമയം, അനുമതി ലഭിക്കാത്തതിനു കാരണം വിസാ ക്ലിയറന്‍സുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണെന്ന് ലോകാരോഗ്യ സംഘടന അടിയന്തര വിഭാഗം ഡയറക്ടര്‍ മൈക്കല്‍ റയാന്‍ അഭിപ്രായപ്പെട്ടു. എത്രയും വേഗം ചൈന പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദേഹം പറഞ്ഞു. എന്നാല്‍ ഈ വിഷയത്തില്‍ ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല. 2019 അവസാനത്തോടെ ചൈനയിലെ വുഹാനില്‍ നിന്നാണ് വൈറസ് പൊട്ടിപുറപ്പെട്ടത്. വൈറസ് വ്യാപനത്തിന്റെ പേരില്‍ യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചൈനയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Share
അഭിപ്രായം എഴുതാം