ശ്രീനഗർ: പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയും തീവ്രവാദ ഗ്രൂപ്പുകളും സൈബർ ഇടങ്ങളെ ഉപയോഗിച്ചും മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയും ജമ്മു കശ്മീരിൽ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതായി റിപ്പോര്‍ട്ട്.
സുരക്ഷാ സേന നടത്തിയ അതിക്രമങ്ങളെന്ന പേരിൽ വ്യാജ വീഡിയോകളും തെറ്റായ വിവരണവും സൃഷ്ടിച്ചാണ് യുവാക്കളിൽ ഇവർ ഇന്ത്യാ വിരുദ്ധ വികാരം കുത്തിവയ്ക്കുന്നത്. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അധികൃതർ റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്.
നേരത്തെ, തീവ്രവാദ ഗ്രൂപ്പുകളിലേക്ക് ചേർക്കുന്നത് നേരിട്ട് കണ്ട് സംസാരിച്ചുകൊണ്ടായിരുന്നു. സുരക്ഷാ ഏജൻസികളുടെ ജാഗ്രത മൂലം ഇത് നടക്കാതായ സാഹചര്യത്തിലാണ് തീവ്രവാദികൾ അവരുടെ മോഡ് ഓപ്പറേഷൻ മാറ്റി.
2020 ൽ രണ്ട് ഡസനിലധികം തീവ്രവാദ മൊഡ്യൂളുകൾ സുരക്ഷാ ഏജൻസികൾ തകർക്കുകയും അത്തരം 40 ഓളം അനുഭാവികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഭീകരവാദികളായ തവാർ വാഗി, അമീർ അഹമ്മദ് മിർ എന്നിവർ 2020 ഡിസംബറിൽ 34 സൈനിക റൈഫിൾസിനു മുന്നിൽ ആയുധം വച്ച് കീഴടങ്ങിയിരുന്നു. ഇവർ രണ്ടു പേരും ഫേസ്ബുക്ക് വഴി പാകിസ്ഥാൻ ആസ്ഥാനമായുള്ള ഹാൻഡ്‌ലറുമായി ബന്ധപ്പെട്ടിരുന്നു.
യൂട്യൂബ് പോലുള്ള പൊതു പ്ലാറ്റ്ഫോമുകളിൽ ലഭ്യമായ വിവിധ ലിങ്കുകൾ ഉപയോഗിച്ചാണ് രണ്ട് പേർക്കും ഓൺലൈനിൽ പരിശീലനം നൽകിയത്. ഇരുവരും തെക്കൻ കശ്മീരിലെ ഷോപിയാനിൽ ഒരു തവണ മാത്രമേ പരസ്പരം നേരിട്ടുള്ള സമ്പർക്കം പുലർത്തിയിട്ടുള്ളൂവെന്നും അധികൃതർ പറഞ്ഞു.
താഴ്വരയ്ക്കുള്ളിൽ പാക്കിസ്ഥാന്റെ ഐഎസ്‌ഐ സൃഷ്ടിച്ച സ്ലീപ്പർ സെല്ലുകൾ എക്സ്പോഷർ ചെയ്യുന്നത് ഒഴിവാക്കുന്നതിനാണ് ഇത് ചെയ്യുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പ്രദേശവാസികൾ നൽകിയ രഹസ്യാന്വേഷണ വിവരങ്ങൾക്ക് ശേഷം സുരക്ഷാ ഏജൻസികൾ നിരവധി മൊഡ്യൂളുകൾ ഇതു പോലെ കണ്ടെത്തിയിട്ടുണ്ട്.
നിരോധിത ഭീകരസംഘടനയായ ലഷ്‌കർ-ഇ-തായ്‌ബയുടെ നിഴൽ സംഘടനയാണെന്ന് കരുതുന്ന ദി റെസിസ്റ്റൻസ് ഫ്രണ്ടിലേക്ക് (ടിആർഎഫ്) റിക്രൂട്ട് ചെയ്ത ശേഷം രണ്ട് തീവ്രവാദികളും പാകിസ്ഥാൻ ആസ്ഥാനമായുള്ള ബർഹാൻ ഹംസയിൽ നിന്ന് ഉത്തരവുകളും മറ്റും സ്വീകരിച്ചുവരികയായിരുന്നു .