കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തിനെതിരെ സംസ്ഥാന നിയമസഭ കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിച്ച് ഒ.രാജഗോപാൽ, വെട്ടിലായി ബിജെപി

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തിനെതിരെ സംസ്ഥാന നിയമസഭ കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിച്ച് ബിജെപിയുടെ സംസ്ഥാനത്തെ ഏക എം എൽ എയായ ഒ രാജഗോപാൽ. രാജഗോപാലിന്റെ നിലപാട് അക്ഷരാർത്ഥത്തിൽ ബിജെപിയെ വെട്ടിലാക്കി.

പ്രമേയം പാസായത് ഐക്യകണ്‌ഠേനയാണെന്നും കർഷക നിയമം പിൻവലിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം നിയമസഭയ്‌ക്ക് പുറത്ത് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. നിയമസഭയുടെ പൊതു അഭിപ്രായത്തെ താൻ മാനിച്ചു. സഭയിൽ സംസാരിക്കാൻ സമയം ലഭിച്ചപ്പോൾ തന്റെ അഭിപ്രായം പറഞ്ഞു. കർഷക നിയമം പിൻവലിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. നിയമസഭ കൊണ്ടു വന്ന പ്രമേയത്തിൽ ചില വ്യത്യാസങ്ങളുണ്ടായിരുന്നു. അതിനെ ചൂണ്ടിക്കാണിക്കുകയാണ് സഭയിൽ ചെയ്‌തതെന്നും രാജഗോപാൽ പറഞ്ഞു.

പ്രമേയം ശബ്‌ദവോട്ടോടെ പാസാക്കിയപ്പോൾ ബി ജെ പി അംഗം ഒ രാജഗോപാൽ നിയമസഭയിലുണ്ടായിരുന്നിട്ടും എതിർത്തിരുന്നില്ല. നിയമസഭയിൽ സംസാരിച്ചപ്പോഴും പ്രമേയത്തെ അദ്ദേഹം എതിർത്തിരുന്നില്ല. സഭ ഐക്യകണ്‌ഠേനയാണ് പ്രമേയം പാസാക്കുന്നതെന്ന് സ്പീക്കർ പറഞ്ഞപ്പോഴും ബി ജെ പി അംഗത്തിന്റെ നിലപാട് ആശയക്കുഴപ്പം സൃഷ്‌ടിച്ചിരുന്നു. ഇതോടെയാണ് സഭയ്‌ക്ക പുറത്ത് വന്ന അദ്ദേഹം തന്റെ നിലപാട് വിശദീകരിച്ചത്. നേരത്തെയും സഭയിൽ എടുക്കുന്ന നിലപാടിൽ രാജഗോപാൽ ബി ജെ പിക്ക് തലവേദന സൃഷ്ടിച്ചിരുന്നെങ്കിലും പാർട്ടിക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന സമീപനമാണ് രാജഗോപാലിൽ നിന്നും ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →