2020 കാലാവസ്ഥാ ദുരന്തങ്ങളുടെ വർഷം , വെട്ടുകിളി മുതൽ കാട്ടുതീയും ചുഴലിക്കൊടുങ്കാറ്റും വരെ മാനവരാശിയ്ക്കുള്ള വ്യക്തമായ മുന്നറിയിപ്പെന്ന് ഗവേഷകർ

മെൽബൺ: കാലാവസ്ഥാ വ്യതിയാനത്തിൻ്റെ പ്രത്യാഘാതങ്ങൾ കൂടുതൽ തീവ്രതയിൽ ലോകമറിഞ്ഞ വർഷമാണ് 2020.

ആഫ്രിക്കൻ വൻകരയുടെ വടക്കു കിഴക്കൻ മേഖലയിലെ രാജ്യങ്ങളിൽ തുടങ്ങി പശ്ചിമേഷ്യവഴി പാക്കിസ്ഥാനും പിന്നിട്ട് ഇന്ത്യയിലേക്കെത്തിയ വെട്ടുകിളിക്കൂട്ടങ്ങൾ മുതൽ ആസ്ട്രേലിയയിലും ചില അമേരിക്കൻ സംസ്ഥാനങ്ങളിലും ആഴ്‌ചകളോളം അണയാതെ പടർന്ന കാട്ടുതീയും ചുഴലിക്കൊടുങ്കാറ്റുകളും അതിവൃഷ്ടിയും പ്രളയവും വരെ, നീണ്ടു പോകുന്നതാണ്‌ ആ പട്ടിക.

ഈ വർഷം ലോകമെമ്പാടുമുള്ള ഏറ്റവും ചെലവേറിയ പത്ത് കാലാവസ്ഥാ ദുരന്തങ്ങളിൽ 150 ബില്യൺ ഡോളർ മൂല്യമുള്ള ഇൻഷ്വർ ചെയ്ത നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ് ‘ക്രിസ്റ്റ്യൻ എയ്ഡ്’ എന്ന സന്നദ്ധ സംഘടനയുടെ വാർഷിക റിപ്പോർട് പറയുന്നത്. റിപ്പോർടനുസരിച്ച്
ഇത് 2019 ലെ കണക്കിലും എത്രയോ അധികമാണ്.

ഈ വലിയ 10 ദുരന്തങ്ങളിൽ 3,500 പേരെങ്കിലും കൊല്ലപ്പെടുകയും 13.5 ദശലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.
മിക്ക നഷ്ടങ്ങളും ഇൻഷുറൻസ് ഇല്ലാത്തതാണ് എന്നതിനാൽ യഥാർത്ഥ സാമ്പത്തിക നഷ്ടം ഇതിലും വളരെ ഉയർന്നതായിരിക്കുമെന്ന് റിപ്പോർട് പറയുന്നു .

താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലെ കാലാവസ്ഥാ പ്രത്യാഘാതങ്ങളിൽ നിന്നുള്ള സാമ്പത്തിക നഷ്ടത്തിന്റെ നാല് ശതമാനം മാത്രമാണ് ഇൻഷ്വർ ചെയ്തിട്ടുള്ളത്. ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ ഇത് 60 ശതമാനമാണ്.

“ഏഷ്യയിലെ വെള്ളപ്പൊക്കം, ആഫ്രിക്കയിലെ വെട്ടുകിളി, യൂറോപ്പിലെയും അമേരിക്കയിലെയും കൊടുങ്കാറ്റുകൾ എന്നിവ ജനജീവിതത്തെ സാരമായി ബാധിച്ചു. ഈ ദുരന്തങ്ങളിലെല്ലാം കാലാവസ്ഥാ വ്യതിയാനത്തിൻ്റെ കയ്യൊപ്പുണ്ട്.”
ക്രിസ്റ്റ്യൻ എയ്ഡിന്റെ കാലാവസ്ഥാ വിഭാഗത്തിൻ്റെ തലവൻ കാറ്റ് ക്രാമർ പറഞ്ഞു.

“മനുഷ്യനിർമിത ആഗോളതാപനം ഗ്രഹത്തിന്റെ കാലാവസ്ഥാ വ്യവസ്ഥയെ കുഴപ്പത്തിലാക്കാൻ തുടങ്ങുന്നതിനു വളരെ മുമ്പുതന്നെ കടുത്ത കാലാവസ്ഥാ ദുരന്തങ്ങൾ മനുഷ്യരാശിയെ ബാധിച്ചിട്ടുണ്ട്. എന്നാൽ താപനിലയെ കുറിച്ചും , ചുഴലിക്കൊടുങ്കാറ്റുകളെക്കുറിച്ചും സമുദ്രനിരപ്പ് ഉയരുന്നതിനെക്കുറിച്ചുമെല്ലാമുള്ള പുതിയ പഠനങ്ങൾ മനുഷ്യനിർമിത ദുരന്തം എന്ന യാഥാർത്ഥ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഉഷ്ണമേഖലാ കൊടുങ്കാറ്റുകൾ ഇപ്പോൾ കൂടുതൽ ശക്തമാണ്. അവ കൂടുതൽ നീണ്ടുനിൽക്കുന്നതും കൂടുതൽ വെള്ളം വഹിക്കുന്നതുമാണ്. “
അദ്ദേഹം പറഞ്ഞു.

2020 ലെ അറ്റ്ലാന്റിക് ചുഴലിക്കാറ്റുകൾ കുറഞ്ഞത് 400 മരണങ്ങൾക്ക് കാരണമായി. 41 ബില്യൺ ഡോളർ നാശനഷ്ടങ്ങളും ഇവ ഉണ്ടാക്കിയിട്ടുണ്ട്. ഇവയ്ക്ക് പേരിടാൻ ലാറ്റിൻ അക്ഷരമാലയിലെ അക്ഷരങ്ങൾ തീർന്നതിന് ശേഷം ലോക കാലാവസ്ഥാ ഓർഗനൈസേഷന് ഗ്രീക്ക് ചിഹ്നങ്ങൾ ഉപയോഗിക്കേണ്ടിവന്നു.

2020 ലെ ഏറ്റവും ചെലവേറിയ കാലാവസ്ഥാ സംഭവങ്ങളിൽ അഞ്ചെണ്ണവും ഏഷ്യയിലെ അസാധാരണമായ മഴക്കാലവുമായി ബന്ധപ്പെട്ടതാണ്.
ചൈനയിലും ഇന്ത്യയിലും രൂക്ഷമായ വേനൽക്കാല വെള്ളപ്പൊക്കങ്ങളും അതിതീവ്ര മഴക്കാലവും ഉണ്ടായി.

“2020 ലെ വെള്ളപ്പൊക്കം ബംഗ്ലാദേശിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ഒന്നായിരുന്നു, ആ രാജ്യത്തിന്റെ നാലിലൊന്ന് വെള്ളത്തിനടിയിലായിരുന്നു,” ബംഗ്ലാദേശ് യൂണിവേഴ്സിറ്റി ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫ്ലഡ് ആൻഡ് വാട്ടർ മാനേജ്മെൻറ് ഡയറക്ടർ ഷാജഹാൻ മൊണ്ടാൽ പറഞ്ഞു.

കാലിഫോർണിയ, ഓസ്‌ട്രേലിയ, റഷ്യയിലെ സൈബീരിയൻ ഉൾപ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഭയാനകമായ രീതിയിലാണ് കാട്ടുതീ പടർന്നത്.

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തെ അപേക്ഷിച്ച് ഗ്രഹത്തിന്റെ ശരാശരി ഉപരിതല താപനില കുറഞ്ഞത് 1.1 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു. കഴിഞ്ഞ അരനൂറ്റാണ്ടിലാണ് ഈ താപനം സംഭവിക്കുന്നത്.

2015 ലെ പാരീസ് കരാർ ലോക രാജ്യങ്ങളോട് ആഗോളതാപനം 2 ഡിഗ്രിയിൽ വളരെ താഴെയായി നിർത്താൻ നിർദ്ദേശിക്കുന്നു. സാധ്യമെങ്കിൽ 1.5 ഡിഗ്രിയിലേക്ക് വരെ കുറയ്ക്കേണ്ടതാണ്.

യുഎൻ ഐപിസിസി ക്ലൈമറ്റ് സയൻസ് അഡ്വൈസറി പാനലിൽ നിന്നുള്ള 2018 ലെ ഒരു ലാൻഡ്മാർക്ക് റിപ്പോർട്ട് 1.5 ഡിഗ്രി സെൽഷ്യസ് ഒരു സുരക്ഷിത പരിധിയാണെന്ന് പറഞ്ഞിരുന്നു.

യൂറോപ്പിൽ മാരകമായ ഉഷ്ണ തരംഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഒരു നൂറ്റാണ്ട് മുമ്പത്തേതിനേക്കാൾ 100 മടങ്ങ് ഉയർന്നതായി സമീപകാല ഗവേഷണങ്ങൾ പറയുന്നു.

“ഒരു നൂറ്റാണ്ടിലൊരിക്കൽ സംഭവിക്കുന്ന ഹീറ്റ് വേവുകളും വെള്ളപ്പൊക്കവും കൂടുതൽ പതിവ് സംഭവങ്ങളായി മാറുകയാണ്,” ഡബ്ല്യുഎംഒ സെക്രട്ടറി ജനറൽ പെറ്റേരി തലാസ് അഭിപ്രായപ്പെട്ടു.

കോവിഡ് പോലെ മനുഷ്യരാശിയ്ക്ക് വ്യക്തമായ മുന്നറിയിപ്പുകൾ ലഭിച്ച വർഷമാണ് 2020 എന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞർ പറയുന്നത്. നിലവിലുള്ള വികസന മാതൃകകളെ അടിമുടി ഉടച്ചു വാർത്താൽ ഈ ജീവഗോളവും മനുഷ്യവംശവും നിലനിൽക്കും ഇല്ലെങ്കിൽ നശിക്കും, തെരഞ്ഞെടുപ്പ് നമ്മുടേതാണ്.

Share
അഭിപ്രായം എഴുതാം