തിരുവനന്തപുരം: എം പി സ്ഥാനവും രാജിവച്ച് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി കേരളത്തിലേക്കെത്തുമെന്ന് ഉറപ്പായതോടെ യു ഡി എഫിലെ രാഷ്ട്രീയ ബലാബലത്തിൽ കോൺഗ്രസിൻ്റെ നില കൂടുതൽ പരുങ്ങലിലാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ കനത്ത പരാജയത്തിനിടയിലും വലിയ പരിക്കേൽക്കാതെ രക്ഷപെട്ട രാഷ്ട്രീയ കക്ഷിയാണ് മുസ്ലീം ലീഗ്. തിരഞ്ഞെടുപ്പ് ഫലത്തിനു ശേഷം യുഡിഎഫിനകത്ത് ലീഗിൻ്റെ വിലപേശൽ ശേഷി വർദ്ധിച്ചിട്ടുണ്ട്. കുഞ്ഞാലിക്കുട്ടി മുതൽ ഇ.ടി മുഹമ്മദ് ബഷീർ വരെയുള്ളവർ പ്രത്യക്ഷമായും പരോക്ഷമായും സൂചിപ്പിക്കുന്നത് ഇതു തന്നെയാണ്.
ഇപ്പോഴത്തെ തിരിച്ചടിയെ മറികടന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫ് അധികാരത്തിലെത്തിയാൽ ഉപമുഖ്യമന്ത്രി സ്ഥാനത്തിൽ കുറഞ്ഞ് ഒന്നും ലീഗ് ആവശ്യപ്പെടാൻ സാധ്യതയില്ല. എല്‍.ജെ.ഡിയും ജോസ് കെ മാണിയും മുന്നണി വിട്ടതോടെ യു.ഡി.എഫില്‍ കുറച്ചു സീറ്റുകള്‍ ബാക്കിയുണ്ട്. ഈ സീറ്റുകളിലും ലീഗിന് കണ്ണുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ആവശ്യപ്പെടുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി തന്നെ പറഞ്ഞിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിക്ക് സംസ്ഥാന രാഷ്ട്രീയത്തില്‍ ചിലത് ചെയ്യാനുണ്ടെന്നും ഇ.ടി പറഞ്ഞിരുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 23 സീറ്റുകളില്‍ മത്സരിച്ച മുസ്ലിം ലീഗ് പതിനെട്ടിടങ്ങളിലും വിജയിച്ചു. തെക്കന്‍ കേരളത്തിലുള്‍പ്പെടെ പത്ത് സീറ്റുകളെങ്കിലും ഇത്തവണ അധികം ചോദിക്കാനാണ് ലീഗിൻ്റെ നീക്കം.
ഇതിനിടെ ലീഗുമായി ഇടഞ്ഞുനില്‍ക്കുന്ന കൃസ്ത്യന്‍ സഭാ നേതൃത്വത്തെ അനുനയിപ്പിക്കാനുളള നീക്കങ്ങളും നടക്കുന്നുണ്ട്.
തിരുവനന്തപുരം കോർപ്പറേഷനിലടക്കം ഉണ്ടായ കനത്ത പരാജയം സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തെ വല്ലാതെ ഉലച്ചിട്ടുണ്ട്. പരാജയ കാരണങ്ങൾ അവലോകനം ചെയ്യാൻ ചേർന്ന കെ പി സി സി യോഗം പോലും വഴക്കടിച്ച് പിരിഞ്ഞ സാഹചര്യവും ആ പാർടിയുടെ മുന്നിലുണ്ട്. ആകെ ജയിച്ച കണ്ണൂർ കോർപ്പറേഷനിൽ പോലും മേയർ സ്ഥാനത്തെ ചൊല്ലി വടം വലി തുടങ്ങിയിട്ടുമുണ്ട്.
സംഘടനാപരമായി കോൺഗ്രസ്സിനുളള ദൗർബല്യങ്ങൾ ലീഗിന് നന്നായി അറിയാം. അതു മുതലെടുക്കാൻ തന്നെയാകണം മുസ്ലീം ലീഗ് കച്ചകെട്ടിയിറങ്ങുന്നത് എന്ന് വ്യക്തം.

