പാലക്കാട് : കുഴൽമന്ദത്തിനടുത്ത ദുരഭിമാനക്കൊലയ്ക്ക് ഇരയായ അനീഷിന്റെ ഭാര്യയും അച്ഛനും സഹോദരനും മാധ്യമങ്ങളോട് സംസാരിച്ചു. ക്രിസ്തുമസ് ദിനമായ 25 – 12 -2020 വെള്ളിയാഴ്ച വൈകീട്ട് ആറരയോടെയാണ് ക്രൂരകൃത്യം നടന്നത്.
കല്യാണം കഴിഞ്ഞ് കൃത്യം മൂന്നു മാസം തികയുന്ന ദിവസമായിരുന്നു 25-12-2020 വെള്ളിയാഴ്ച. അന്നാണ് ഇത് ചെയ്തത്. സ്പ്ലെൻഡർ ബൈക്കിലാണ് അവർ വന്നത്. വണ്ടി തടഞ്ഞുനിർത്തി വെട്ടുകയായിരുന്നു എന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തും ദൃക്സാക്ഷിയുമായ അരുൺ മാധ്യമങ്ങളോട് പറഞ്ഞു.
‘എനിക്ക് എട്ടു മക്കളാ. മൂത്തവനാ ഇവൻ . കുട്ടിയുടെ അമ്മാവൻ ഇടയ്ക്കിടെ വരുമായിരുന്നു. ഭീഷണിപ്പെടുത്തിയിട്ട് പോകും. 90 ദിവസമെ താലി കാണൂ … എന്നാ അവൻ പറഞ്ഞത്. അത് നടത്തി.’ വിതുമ്പി കൊണ്ട് അനീഷിന്റെ അച്ഛൻ ആറുമുഖൻ. കുട്ടിയുടെ അച്ഛൻ പ്രഭു കുമാർ ഫോണിലൂടെയും സുരേഷ് നേരിട്ടെത്തിയും മൂന്നുനാലു തവണ ഭീഷണിപ്പെടുത്തിയതായി ആറുമുഖൻ പറയുന്നു. സുരേഷ് മദ്യപിച്ചാണ് വന്നിരുന്നത്. ഇളയ കുട്ടിക്ക് ഓൺലൈനായി പഠിക്കാൻ വാങ്ങികൊടുത്ത ഫോൺ സുരേഷ് എടുത്തുകൊണ്ടുപോയി. ‘സ്റ്റേഷനിൽ പരാതി കൊടുത്തു. ഒരൊറ്റ ആക്ഷനും ഉണ്ടായിരുന്നില്ല. ഇലക്ഷൻ വർക്കാണ്, അതാണ് ഇതാണ് എന്നെല്ലാം പറഞ്ഞ് എസ് ഐ സാർ ഒഴിഞ്ഞുമാറി. കുട്ടികൾക്ക് പഠിക്കാനും വഴി ഇല്ലാതെയായി.’ ആറുമുഖൻ പറഞ്ഞു.
‘ഞങ്ങൾ സംസാരിച്ചത് എല്ലാം റെക്കോർഡ് ആക്കി വെച്ചിട്ടുണ്ട്. അത് നോക്കാനാണ് എന്നുപറഞ്ഞാണ് ഫോൺ എടുത്തു കൊണ്ടുപോയത്.’ അനീഷിനെ ഭാര്യ ഹരിത പറഞ്ഞു. ഭാര്യ വീട്ടുകാരുടെ ഭീഷണിയെ തുടർന്ന് അനീഷ് പുറത്തെങ്ങും യാത്ര ചെയ്യുമായിരുന്നില്ല. ക്രിസ്തുമസ് ദിനത്തിൽ സുഹൃത്തായ അരുണിനോടൊപ്പം വൈകിട്ട് കടയിൽ പോയി തിരിച്ചു വരുന്ന വഴിയായിരുന്നു. വളരെ ആസൂത്രിതമായി ബൈക്കിലെത്തിയ പ്രഭുകുമാരനും അമ്മാവൻ സുരേഷും കമ്പിയും വടിവാളുമായി അനീഷിനെ ആക്രമിച്ചു. കമ്പി കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി. വടി വാള് കൊണ്ട് ആദ്യം കാലിലും പിന്നീട് കഴുത്തിലും വെട്ടുകയായിരുന്നു. അക്രമികൾ രക്ഷപ്പെട്ട ശേഷം അനീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൃത്യം മൂന്നു മാസം മുമ്പാണ് ഹരിതയും അനീഷും രജിസ്റ്റർ വിവാഹം നടത്തിയത്. സ്കൂൾ കാലം മുതൽ പ്രണയത്തിലായിരുന്നു ഇവർ. സാമ്പത്തികമായി രണ്ടുതട്ടിൽ ആയിരുന്നു. ഇവരുടെ വിവാഹത്തിന് ഹരിതയുടെ വീട്ടുകാർ സമ്മതിച്ചിരുന്നില്ല. പെയിൻറിംഗ് തൊഴിലാളിയായിരുന്നു അനീഷ്. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് അനീഷിന്റെ മൃതദേഹം ഉള്ളത്.
കുറ്റാരോപിതരായ ഹരിതയുടെ അച്ഛൻ പ്രഭു കുമാറിനെയും അമ്മാവൻ സുരേഷിനേയും പോലീസ് കസ്റ്റഡിയിലെടുത്തു. സുരേഷ് മദ്യലഹരിയിലാണ് എന്നാണ് പോലീസ് പറയുന്നത്. കൃത്യമായ കാര്യങ്ങൾ ചോദിച്ചറിയാൻ സാധിച്ചിട്ടില്ല എന്നും പോലീസ് പറയുന്നു. മൊബൈൽഫോൺ എടുത്തുകൊണ്ടു പോയിട്ടും ഭീഷണിയുണ്ടെന്ന് പരാതി പറഞ്ഞിട്ടും പോലീസിൻറെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ല എന്നത് പോലീസിൻറെ ഭാഗത്തുനിന്നുള്ള വീഴ്ചയായി കാണാം

