കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസില്‍ വിചിത്ര അപേക്ഷയുമായി ജോളിയുടെ അഭിഭാഷകന്‍ അഡ്വ ബിഎ ആളൂര്‍. ജോളി ജയിലില്‍ ആയതിനാല്‍ അവര്‍ക്കായി സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് ആളൂര്‍ കോടതിയില്‍ അപേക്ഷ നല്‍കി. വിവിധ ആളുകളില്‍ നിന്നായി ജോളിക്ക് 30 ലക്ഷത്തോളം രൂപ കിട്ടാനുണ്ടെന്നും ആളൂര്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നു.
കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വാദം നടക്കുന്നതിനിടയിലാണ് ആളൂര്‍ വിചിത്രമായ അപേക്ഷ നല്‍കിയത്. കടം നല്‍കിയതും റിയല്‍ എസ്റ്റേറ്റ് ഇടപാട് നടത്തിയതും ഉള്‍പ്പടെ 30 ലക്ഷത്തോളം രൂപ ജോളിക്ക് കിട്ടാനുണ്ട് .തടവിലായതിനാല്‍ പണം നല്‍കാനുളളവരുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ല. അതിനാല്‍ അവരുടെ സാമ്പത്തിക ഇടപാടുകള്‍ ഏറ്റെടുത്ത് നടത്താന്‍ അഭിഭാഷകന് അനുവാദം നല്‍കണമെന്നാണ് ആളൂരിന്റെ ആവശ്യം.
ജോളി കൊലപാതകങ്ങള്‍ നടത്തിയത് സാമ്പത്തീക നേട്ടത്തിനായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ . അതിനാല്‍ തന്നെ ജോളിയുടെ സാമ്പത്തിക കാര്യങ്ങളിലുളള ആളൂരിന്റെ ഇടപെടല്‍ പ്രോസിക്യൂഷനും പോലീസുംവളരെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. ജയിലിന് പുറത്ത് ആളൂരുമായി സംസാരിക്കുന്നതിന് അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് ജോളി കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കൂടത്തായി കൂട്ടക്കൊലക്കേസിലെ ആറ് കേസുകളുടേയും വിചാരണ അടുത്തമാസം 18 ലേക്ക് മാറ്റി.