തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശ പത്രിക സുക്ഷ്മ പരിശോധന പൂര്‍ത്തിയായി

23 ന് പത്രിക പിന്‍വലിക്കല്‍ പൂര്‍ത്തിയായ ശേഷം മത്സര ചിത്രം തെളിയും

മലപ്പുറം: ജില്ലയില്‍ 94 ഗ്രാമ പഞ്ചായത്തുകളിലേക്കും 12 നഗരസഭകള്‍, 15 ബ്ലോക്ക് പഞ്ചായത്തുകള്‍, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികകളുടെ സുക്ഷ്മ പരിശോധന പൂര്‍ത്തിയായി. ഇന്ന് (നവംബര്‍ 20) വൈകീട്ട് ഏഴ് മണിവരെയുള്ള വിവരങ്ങളനുസരിച്ച് 16,700 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്ത് തുടരുന്നത്. ആകെ 16,791 പത്രികകളാണ് പരിശോധനക്ക് ശേഷം അംഗീകരിച്ചത്. ഗുരുതരമായ പിഴവുകള്‍ കണ്ടെത്തിയ 128 പത്രികകള്‍ നിരസിച്ചു. 91 പേര്‍ പത്രികകള്‍ പിന്‍വലിച്ചു. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയ്യതി തിങ്കള്‍ (നവംബര്‍ 23) ആണ്. ഇതിന് ശേഷമാകും യഥാര്‍ഥ മത്സര ചിത്രം തെളിയുക. 

ഗ്രാമ പഞ്ചായത്തുകളില്‍ 12,457 പത്രികകളാണ് അംഗീകരിച്ചത്. 100 പത്രികകള്‍ നിരസിച്ചു. 69 സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിച്ചതോടെ 12,388 പേര്‍ മത്സര രംഗത്തുണ്ട്. നഗരസഭകളില്‍ അംഗീകരിച്ചത് 2,706 പത്രികകളാണ്. എട്ട് എണ്ണം നിരസിക്കുകയും 22 പേര്‍ പത്രിക പിന്‍വലിക്കുകയും ചെയ്തതോടെ 2,684 പേര്‍ മത്സര രംഗത്ത് തുടരുന്നു. ബ്ലോക്ക് പഞ്ചായത്തുകളില്‍ 1,424 പത്രികകള്‍ അംഗീകരിക്കുകയും 19 എണ്ണം നിരസിക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്തില്‍ 204 പത്രികകള്‍ അംഗീകരിച്ചു. ഒരു പത്രിക നിരസിക്കുകയും ചെയ്തു.

കലക്ടറേറ്റില്‍ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ മേല്‍നോട്ടത്തിലാണ് ജില്ലാ പഞ്ചായത്തിലേക്ക് സമര്‍പ്പിച്ച നാമനിര്‍ദ്ദേശപത്രികകളുടെ പരിശോധന നടന്നത്. മറ്റിടങ്ങളില്‍ ബന്ധപ്പെട്ട വരണാധികാരികളുടെ നേതൃത്വത്തിലും നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. ഒരു സ്ഥാനാര്‍ത്ഥിയുടെ യോഗ്യതയോ അയോഗ്യതയോ നാമനിര്‍ദ്ദേശപത്രിക പരിശോധനയ്ക്കായി നിശ്ചയിച്ച ദിവസുമായി ബന്ധപ്പെടുത്തിയാണ് പരിശോധന നടന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവനുസരിച്ച് പത്രികകളിലുള്ള സാങ്കേതിക പിഴവുകളും എഴുത്തിലെ പിഴവുകളും അവഗണിച്ചു. തെരഞ്ഞെടുപ്പ് വര്‍ഷം, വാര്‍ഡിന്റെ പേര്, വോട്ടര്‍ പട്ടികയിലെ നമ്പര്‍, ചിഹ്നം തെരഞ്ഞെടുക്കല്‍, വയസ്സ്, പേര് എന്നിവയിലെ ചെറിയ  പൊരുത്തക്കേടുകളടക്കമുള്ള നിസാര കാരണങ്ങളും പത്രിക നിരസിക്കാനുള്ള കാരണമായി പരിഗണിച്ചില്ല. 

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/9193/Kerala-Local-Body-Election.html

Share
അഭിപ്രായം എഴുതാം