കോട്ടയും: വിജയപുരം പഞ്ചായത്തിലെ ആശ്രമം പതിനൊന്നാം വാർഡിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ജെനീഷും (സതീഷ് 42) യു ഡി എഫ് സ്ഥാനാർത്ഥി സജാതും (44) ഒരമ്മയുടെ വയറ്റിൽ ജനിച്ചവർ. അമ്മയുടെ വോട്ട് ആർക്ക് തരുമെന്നുള്ള മക്കളുടെ ചോദ്യത്തിന് മറുപടിയായി മാങ്ങാനം കിഴക്കേക്കര വീട്ടിൽ സരസുവിന്റെ മറുപടി നിഷ്കളങ്കമായ ചിരിയായിരുന്നു. അനുഗ്രഹം തേടിയെത്തിയ മക്കളോട് രണ്ടുപേരും ജയിച്ചുവരാനാണ് അമ്മ ആശംസയേകിയത്.
പരേതനായ കൃഷ്ണൻകുട്ടിയുടെയും റിട്ട. ബിഎസ്എൻഎൽ ഉദ്യോഗസ്ഥയായ സരസുവിന്റെയും മക്കളായ സജാതും ജെനീഷും ചെറുപ്പം മുതൽ രണ്ടു പാർട്ടികളിലായിരുന്നുവെങ്കിലും ആദ്യമായിട്ടാണ് തിരഞ്ഞെടുപ്പ് രംഗത്തേക്കിറങ്ങുന്നത് . ഇളയ മകനായ ജെനീഷാണ് അമ്മയ്ക്കൊപ്പം കുടുംബ വീട്ടിലും സജാത് വേറെ വീട് വെച്ചും താമസിക്കുന്നു .
ബസേലിയസ് കോളജിലും ഏറ്റുമാനൂർ ഐടിഐയിലും കെഎസ്‌യു പ്രവർത്തകനായിരുന്നു ബിസിനസ്ക്കാരനായ സജാത്. കാഞ്ഞങ്ങാട് നിത്യാനന്ദാ പോളിടെക്നിക്കിൽ കെഎസ്‌യു പാനലിൽ കൗൺസിലറായും ബിഎസ്എൻഎൽ കേബിൾ വർക്കേഴ്സ് യൂണിയൻ(ഐഎൻടിയുസി) ഭാരവാഹിയുമായിരുന്നു. പിന്നീട് യൂത്ത് കോൺഗ്രസിൽ സജീവമായി. സീറ്റു കിട്ടിയ കാര്യം ആദ്യം അറിയിച്ചത് അമ്മയോടും സഹോദരൻ ജെനീഷിനോടുമായിരുന്നു .
ഇന്ത്യ വുഡ് കമ്പനിയിൽ ജോലി നോക്കുന്ന ജെനീഷും ബസേലിയസ് കോളജിലെ പഠന കാലത്ത് തന്നെയാണ് എസ്എഫ്ഐയിൽ എത്തിയത്.
ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റായിരുന്നു. സിഐടിയു ഭാരവാഹിയായ ജെനീഷിനോട് അപ്രതീക്ഷിതമായാണ് പാർട്ടി മത്സരിക്കാൻ ആവശ്യപ്പെട്ടത്. സ്വന്തം ചേട്ടൻ തന്നെയാണ് എതിർ സ്ഥാനാർഥിയെന്ന് അറിയാമെങ്കിലും പാർട്ടി പറയുന്നത് അനുസരിക്കാൻ തീരുമാനിക്കുകയായിരുന്നു .
പാർട്ടി സ്ഥാനാർത്ഥികളായി മത്സരിക്കാൻ അവസരം കിട്ടിയത് എൻ്റെ മക്കളുടെ ഭാഗ്യമായിട്ടാണ് കരുതുന്നതെന്നും, അപൂർവമായി ലഭിച്ച ഈ അവസരങ്ങളെ രണ്ടുപേരും ഉപയോഗിക്കണമെന്നും ആണ് രണ്ടു മക്കളോടും അമ്മ പറഞ്ഞത്ര. രണ്ടു പേർക്കും അവസരം ലഭിച്ചതിൽ സന്തോഷമുണ്ട്. ആരു ജയിച്ചാലും തോറ്റാലും ബന്ധവും സ്നേഹവും എന്നും നിലനിൽക്കണം. രക്ത ബന്ധങ്ങളെ പാർട്ടികളുടെ കണ്ണികളിൽ കോർത്തെടുക്കാതിരുന്നാൽ ജയത്തെയും തോൽവിയെയും സ്നേഹത്തിൻ്റെ കണ്ണികളാൽ യോജിപ്പിക്കാം . മക്കൾ രണ്ടു പേരും എനിക്ക് പ്രിയപ്പെട്ടതാണ് . എന്നാൽ എൻ്റെ വോട്ട് എൻ്റെ അവകാശമാണ് . എനിക്ക് ഇഷ്ടമുള്ള ആൾക്ക് വോട്ട് ചെയ്യാൻ ഇരുവരും അനുവാദം നൽകിയിട്ടുണ്ടെങ്കിലും വോട്ട് ഇഷ്ടമുള്ള പാർട്ടിക്ക് ചെയ്യാനാണ് സരസുവിൻ്റെ തീരുമാനം .




