ഓൺലൈൻ വിവാഹ വെബ്‌സൈറ്റില്‍ കണ്ടെത്തിയ യുവതിയെ ആദ്യവിവാഹം മറച്ചുവെച്ച്‌ വിവാഹം ചെയ്ത യുവാവ് പിടിയിൽ

ഏറ്റുമാനൂര്‍: ഓൺലൈൻ വിവാഹ വെബ്‌സൈറ്റില്‍ കണ്ടെത്തിയ യുവതിയെ ആദ്യവിവാഹം മറച്ചുവെച്ച്‌ വഞ്ചനയിലൂടെ വിവാഹം ചെയ്ത യുവാവ് അറസ്റ്റിൽ.

കാസർകോട് സ്വദേശി വിനോദ് വിജയനെയാണു (38) കോട്ടയം ഓണംതുരുത്ത് സ്വദേശിനിയുടെ പരാതിയില്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.

ഓൺലൈൻ വെബ് സൈറ്റിലെ വിവാഹാലോചനയെ തുടർന്ന് 3 മാസം മുന്‍പാണ് കുറുമുള്ളൂര്‍ ക്ഷേത്രത്തില്‍ വെച്ച്‌ യുവതിയെ വിവാഹം ചെയ്തത്.തുടർന്ന് യുവതിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്.

പിന്നീട് കല്യാണ ഫോട്ടോ വിനോദ് സുഹൃത്തുക്കള്‍ക്കും പരിചയക്കാര്‍ക്കും രഹസ്യമായി അയച്ചുകൊടുത്തത് ആദ്യ ഭാര്യയായ ചെങ്ങന്നൂര്‍ സ്വദേശിനിക്കും ലഭിച്ചു. ഇതോടെയാണ് ആദ്യ ഭാര്യ പരാതിയുമായി എത്തിയത്.

ആദ്യ ഭാര്യ വിവരം അറിഞ്ഞെന്ന് മനസിലാക്കിയ വിനോദ് രണ്ടാം ഭാര്യയുമായി കാസര്‍ഗോ ഡേക്കു കടന്നു.

ആദ്യ ഭാര്യ ഓണംതുരുത്തിലെ യുവതിയുടെ വീട്ടുകാരെ സമീപിച്ച്‌ വിവാഹ തട്ടിപ്പിനെ കുറിച്ച്‌ ബോധ്യപ്പെടുത്തി. ഇതോടെ യുവതിയെ കാണാനില്ലെന്നു കാണിച്ച്‌ ബന്ധുക്കള്‍ ഏറ്റുമാനൂര്‍ പോലീസില്‍ പരാതിയും നല്‍കി. തുടര്‍ന്ന് കാസര്‍ഗോഡു നിന്നു യുവതിയെയും വിനോദിനെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വിനോദ് തന്നെ മര്‍ദിച്ചെന്നും നഗ്നഫോട്ടോകള്‍ എടുത്ത് ഭീഷണിപ്പെടുത്തിയെന്നും സ്വര്‍ണ്ണവും കല്ല്യാണത്തിനു വീട്ടില്‍ നിന്നു ലഭിച്ച 1,46,000 രൂപയും തട്ടിയെടുത്തെന്നും ആദ്യ ഭാര്യ മൊഴി നല്‍കിയതോടെ പോലീസ് അറസ്റ്റ് ചെയ്തു. വിനോദിനെതിരെ പട്ടികജാതി-വര്‍ഗ | അതിക്രമം, പീഡനം എന്നിവയ്ക്കു കേസ് രജിസ്റ്റര്‍ ചെയ്‌തെന്നു പോലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →