തദ്ദേശ സ്വയംഭരണ പൊതു തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിസംബര്‍ 8, 10, 14 തിയതികളില്‍ നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഇന്ന് (നവംബര്‍ 12) പുറപ്പെടുവിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. 12 മുതല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് പത്രിക സമര്‍പ്പിക്കാം. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണാധികാരികള്‍ക്കോ ഉപ ഭരണാധികാരികള്‍ക്കോ മുന്നിലാണ് പത്രിക സമര്‍പ്പിക്കേണ്ടത്. അവധി ദിവസങ്ങളൊഴികെ രാവിലെ 11 നും ഉച്ചയ്ക്ക് മൂന്നിനും ഇടയ്ക്കുള്ള സമയത്താണ് പത്രിക സമര്‍പ്പിക്കേണ്ടത്. പത്രിക സമര്‍പ്പണത്തിനുള്ള അവസാന തിയതി നവംബര്‍ 19 ആണ്.  

നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സ്ഥാനാര്‍ത്ഥി നല്‍കേണ്ട വിശദവിവരങ്ങള്‍ ഫോം 2എയില്‍ സമര്‍പ്പിക്കണം. ഫോം 2എ ഭേദഗതി ചെയ്തിട്ടുണ്ട്. പുരുഷന്‍/സ്ത്രീ എന്നതിന് പുറമേ ട്രാന്‍സ്‌ജെന്‍ഡര്‍ എന്നുകൂടി ചേര്‍ത്തിട്ടുണ്ട്. കൂടാതെ നാമനിര്‍ദ്ദേശകന്റെ പ്രഖ്യാപനത്തിലും മാറ്റം ഉണ്ട്.  2എ ഫോമില്‍ സ്ഥാനാര്‍ത്ഥിയുടെ പാസ്‌പോര്‍ട്ട് വലിപ്പത്തിലുള്ള കളര്‍ ഫോട്ടോ പതിക്കണം. 2എ ഫാറമിലെ എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതാണ്. സ്ഥാനാര്‍ത്ഥിയുടെ ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിവരം, സോഷ്യല്‍ മീഡിയ അക്കൗണ്ട് നമ്പര്‍ പാന്‍ നമ്പര്‍, തുടങ്ങിയ വിവരങ്ങളും പുതുതായി നല്‍കണം. സ്ഥാനാര്‍ത്ഥിയുടെയും കുടുംബത്തിന്റേയും സ്വത്ത്, ബാദ്ധ്യത കുടിശ്ശിക വിവരങ്ങള്‍ എന്നിവയ്ക്ക് പുറമേ സ്ഥാനാര്‍ത്ഥിയുടെ വരുമാന സ്രോതസിന്റെ വിശദവിവരങ്ങളും കാണിക്കണം. കോടതിയില്‍ വിചാരണയിലുള്ള കേസുകള്‍ ശിക്ഷിക്കപ്പെട്ട കേസുകള്‍ എന്നിവയുണ്ടെങ്കില്‍ അതിന്റെ വിവരവും സ്ഥാനാര്‍ത്ഥി നല്‍കേണ്ടതുണ്ട്.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/9081/LSG-election.html

Share
അഭിപ്രായം എഴുതാം