തിരുവനന്തപുരം: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലും മറ്റ് സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിനുണ്ടായ തിരിച്ചടിയിൽ നിന്നും പാഠമുൾക്കൊണ്ട് ആത്മപരിശോധനയിലൂടെ തെറ്റുതിരുത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാവണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ വി എം സുധീരന്‍.
ജനസ്വീകാര്യതയും പ്രവര്‍ത്തനരംഗത്തെ മികവുമായിരിക്കണം സ്ഥാനാര്‍ഥി നിര്‍ണയത്തിനും പാര്‍ട്ടി പദവികള്‍ നല്‍കുന്നതിനുമുള്ള മാനദണ്ഡം. ജനവിശ്വാസം കൂടുതല്‍ ആര്‍ജിക്കത്തക രീതിയില്‍ പ്രവര്‍ത്തനശൈലിയിലും മാറ്റം വരുത്തണമെന്നും സുധീരൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം :
ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലും മറ്റ് സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിനുണ്ടായ തിരിച്ചടിയെക്കുറിച്ച് സത്യസന്ധമായ ആത്മപരിശോധനയിലൂടെ തെറ്റുതിരുത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകേണ്ടത് അനിവാര്യമായിരിക്കുന്നു.
ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാഗാന്ധിയും ഉയര്‍ത്തിപ്പിടിച്ച സാമ്പത്തിക നയങ്ങളിലേയ്ക്ക് തിരിച്ചുപോകണം. മറ്റ് തലങ്ങളിലും ആവശ്യമായിടത്ത് നയസമീപനങ്ങളില്‍ മാറ്റമുണ്ടാകണം. ജനസ്വീകാര്യതയും പ്രവര്‍ത്തനരംഗത്തെ മികവുമായിരിക്കണം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനും പാര്‍ട്ടി പദവികള്‍ നല്‍കുന്നതിനുമുള്ള മാനദണ്ഡം. ജനവിശ്വാസം കൂടുതല്‍ ആര്‍ജ്ജിക്കത്തക രീതിയില്‍ പ്രവര്‍ത്തനശൈലിയിലും ഉചിതമായ മാറ്റം വരുത്തണം.
ഇതിലൂടെയെല്ലാം ജനകീയ അടിത്തറ വിപുലമാക്കി വര്‍ദ്ധിച്ച കരുത്തോടെ ബി.ജെ.പി.യുടെ വര്‍ഗ്ഗീയ-ഫാസിസ്റ്റ് നയങ്ങള്‍ക്കും നടപടികള്‍ക്കുമെതിരെ പോരാടാന്‍ കഴിയുന്ന സാഹചര്യം ഒരുക്കാന്‍ ഇനിയും വൈകരുത്.
തെരഞ്ഞെടുപ്പ് വിധിയിലൂടെ ജനങ്ങള്‍ നല്‍കുന്ന പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടുപോയേ മതിയാകൂ.



