തിരുവനന്തപുരം: സ്വർണക്കടത്തിലും ലൈഫ് മിഷനിലും ഏറ്റവും ഒടുവിൽ മയക്കുമരുന്നു കേസിലും പാർട്ടിയും സർക്കാരും വെട്ടിലായ സാഹചര്യത്തിൽ സി പി എമ്മിന്റെ നിർണായകമായ സെക്രട്ടറിയേറ്റ് യോഗം വെളളിയാഴ്ച (06/11/2020) തിരുവനന്തപുരത്ത് എ കെ ജി സെന്ററിൽ ആരംഭിച്ചു. വെള്ളി, ശനി ദിവസങ്ങളിലായിട്ടാകും സംസ്ഥാന നേതൃയോഗങ്ങൾ നടക്കുക.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതർ തന്നെ സ്വർണക്കടത്തു കേസിലും ഡോളർ കടത്തുമായി ബന്ധപ്പെട്ടുമെല്ലാം പ്രതിക്കൂട്ടിൽ നിൽക്കുന്ന സാഹചര്യവും വടക്കാഞ്ചേരി ഫ്ലാറ്റ് അഴിമതിയും എങ്ങനെ പ്രതിരോധിക്കും എന്നറിയാതെ പാർട്ടിയും സർക്കാരും പ്രതിസന്ധിയിലായപ്പോഴാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബംഗളുരു മയക്കുമരുന്നു കേസിന്റെ പണമിടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ബിനീഷിന്റെ കുറ്റം വ്യക്തിപരമാണ് എന്ന് ആവർത്തിക്കുമ്പൊഴും സെക്രട്ടറി സ്ഥാനത്തു നിന്നും കോടിയേരി മാറി നിൽക്കണമെന്ന ആവശ്യം പാർട്ടിക്കകത്ത് ശക്തമാണ് എന്നതാണ് സൂചനകൾ.
തദ്ദേശ തെരഞ്ഞെടുപ്പുകൾ അടുത്തു വരുന്ന സാഹചര്യത്തിൽ പാർട്ടിയുടെയും സർക്കാരിന്റെയും പ്രതിച്ഛായ വീണ്ടെടുക്കാൻ എന്തു ചെയ്യാനാകും എന്നതു തന്നെയാകും സംസ്ഥാന സെക്രട്ടറിയേറ്റിലെ പ്രധാന ചർച്ചാ വിഷയം.
കേന്ദ്ര ഏജൻസികൾ സംസ്ഥാന സർക്കാരിന്റെ വികസന പദ്ധതികൾക്ക് തുരങ്കം വയ്ക്കുകയാണെന്നും അന്വേഷണങ്ങൾക്കു പിന്നിൽ കേന്ദ്രത്തിന്റെ രാഷ്ട്രീയ പകപോക്കലാണെന്നും മുഖ്യമന്ത്രിയും സി പി എം നേതാക്കളും ആരോപിച്ചിരുന്നു.
കേന്ദ്ര ഏജൻസികളെ പ്രതിരോധിക്കാനുള്ള നീക്കങ്ങൾ ഇനി ഏതു രീതിയിൽ മുന്നോട്ടു കൊണ്ടു പോകും എന്ന ആലോചനയും യോഗത്തിൽ ഉയർന്നു വരും.
