ബൈഡന് സാധ്യതയേറി , നെവാഡയിലെ ലീഡ് 12000 കഴിഞ്ഞു, സംസ്ഥാനത്തെ 6 ഇലക്ടറൽ കോളജ് വോട്ട് കിട്ടിയാൽ ബൈഡന് 270 തികയും

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള ഇലക്ടറല്‍ കോളേജിലേക്ക് 264 അംഗങ്ങളെ ഉറപ്പാക്കി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍. ഇന്ത്യൻ സമയം വ്യാഴാഴ്ച (5/11/2020) രാവിലെ 8000 വോട്ടിന് നെവാഡയിൽ ലീഡ് ചെയ്ത ബൈഡൻ 12 മണിക്കൂർ കഴിയുമ്പോഴേക്ക് ലീഡ് 12000 ആക്കി ഉയർത്തി. നെവാഡയിൽ വിജയിച്ചാല്‍ ആറ് ഇലക്ടറൽ കോളജ് അംഗങ്ങളെക്കൂടി ബൈഡന് ലഭിക്കും. അതോടെ പ്രസിഡന്റാകാന്‍ ആവശ്യമായ 270 അംഗങ്ങളെ ഉറപ്പാക്കാൻ ജോ ബൈഡന് സാധിക്കും. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് 214 അംഗങ്ങളാണുള്ളത്.

ബൈഡന്റെ വിജയം തടയാന്‍ റിപ്പബ്ലിക്കന്‍ പാര്‍ടി പല സംസ്ഥാനങ്ങളിലും വോട്ടെണ്ണലിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്. എല്ലാ വോട്ടും എണ്ണണം എന്ന് ബൈഡന്‍ വ്യാഴാഴ്ച രാവിലെ ട്വീറ്റ് ചെയ്തു. മറുപടിയായി, വോട്ടെണ്ണല്‍ നിര്‍ത്തണം എന്ന് ഒരുമണിക്കൂര്‍ കഴിഞ്ഞ് ട്രംപ് ട്വീറ്റ് ചെയ്തു.

നെവാഡയ്ക്കു പുറമെ ജോര്‍ജിയ, പെന്‍സില്‍വാനിയ, ഉത്തര കാരലൈന എന്നീ ചാഞ്ചാട്ട സംസ്ഥാനങ്ങളിലെ വോട്ടെണ്ണലിലാണ് ഇപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ. ഈ നാല് സംസ്ഥാനവും ലഭിച്ചാല്‍മാത്രമേ ട്രംപിന് ജയിക്കാനാകൂ.

അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവുമധികം ആളുകള്‍ വോട്ട് ചെയ്ത യുഎസ് കോണ്‍ഗ്രസിന്റെ പ്രതിനിധിസഭയിലും സെനറ്റിലും ആര്‍ക്കും ഇതുവരെ ഭൂരിപക്ഷം ആയിട്ടില്ല. 435 അംഗ പ്രതിനിധിസഭയില്‍ ഡെമോക്രാറ്റുകള്‍ക്ക് 208 സീറ്റും റിപ്പബ്ലിക്കന്മാര്‍ക്ക് 190 സീറ്റുമായി. 37 സീറ്റില്‍ കൂടി ഫലം അറിയാനുണ്ട്. 100 അംഗ സെനറ്റില്‍ റിപ്പബ്ലിക്കന്മാര്‍ക്ക് 48, ഡെമോക്രാറ്റുകള്‍ക്ക് 46 എന്നാണ് ഒടുവിലെ നില. രണ്ട് സ്വതന്ത്രരും സഭയിലുണ്ട്. നാല് സീറ്റിലെ ഫലം വരാനുണ്ട്.
വോട്ടെണ്ണല്‍ തടയരുതെന്ന് ആവശ്യപ്പെട്ട് നഗരങ്ങളില്‍ പ്രകടനങ്ങള്‍ നടക്കുകയാണ്. ഒറിഗോണിലെ പോര്‍ട്ലന്‍ഡില്‍ കലാപത്തെതുടര്‍ന്ന് നാഷണല്‍ ഗാര്‍ഡിനെ രംഗത്തിറക്കി.

ജയിക്കാന്‍ ട്രംപിന് ഇനി എല്ലാം കിട്ടണം അവശേഷിക്കുന്ന നാല് ചാഞ്ചാട്ട സംസ്ഥാനവും ലഭിച്ചാല്‍മാത്രമേ ഇനി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് നാലു വര്‍ഷംകൂടി അധികാരത്തില്‍ തുടരാനാകൂ. എന്നാല്‍, ഇലക്ടറല്‍ കോളേജിലേക്ക് ആറ് അംഗങ്ങളെമാത്രം അയക്കുന്ന നെവാഡ കിട്ടിയാല്‍ ബൈഡന് വിജയം ഉറപ്പിക്കാം.

ഇരുപത് അംഗങ്ങളെ ലഭിക്കുന്ന പെന്‍സില്‍വാനിയയില്‍ രണ്ട് ശതമാനത്തിലധികം ലീഡ് ട്രംപിനുണ്ട്. എന്നാല്‍, അവിടെ 7.63 ലക്ഷം തപാല്‍ വോട്ടുകൂടി എണ്ണാനുള്ളതിനാല്‍ ഇനിയും ബൈഡനിലേക്ക് തിരിയാം.

പെന്‍സില്‍വാനിയ കിട്ടിയാല്‍ ബൈഡന് ഇലക്ടറല്‍ കോളേജില്‍ ഭേദപ്പെട്ട ഭൂരിപക്ഷമാകും. ഉത്തര കാരലൈന, ജോര്‍ജിയ എന്നീ സംസ്ഥാനങ്ങളാണ് പിന്നെയുള്ളത്. 16 അംഗങ്ങളെ നല്‍കുന്ന ജോര്‍ജിയയില്‍ ട്രംപിന് 0.3 ശതമാനം ലീഡേയുള്ളൂ. കഴിഞ്ഞ തവണ ട്രംപ് ജയിച്ച മിഷിഗന്‍, വിസ്കോണ്‍സിന്‍ എന്നിവ പിടിച്ചതാണ് ബൈഡനെ വിജയത്തിനരികില്‍ എത്തിച്ചത്. ഇരു സംസ്ഥാനങ്ങളില്‍നിന്നുമായി 26 ഇലക്ടറല്‍ വോട്ട് ബൈഡന് കിട്ടി.

Share
അഭിപ്രായം എഴുതാം