കാസർകോട്: ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പിൽ മഞ്ചേശ്വരം എം എൽ എ എം സി കമറുദ്ദീനെതിരായ വഞ്ചനാ കേസുകൾ 100 കടന്നു. വ്യാഴാഴ്ച (05/11/2020) 15 കേസുകൾ കൂടി രജിസ്റ്റർ ചെയ്തതോടെ ആകെ കേസുകളുടെ എണ്ണം 107 ആയി. കാസർകോട് ടൗൺ , ചന്തേര ,പയ്യന്നൂർ പൊലീസ് സ്റ്റേഷനുകളിലാണ് പുതിയ കേസുകൾ രജിസ്റ്റർ ചെയ്തത്.അതേ സമയം ലീഗ് മധ്യസ്ഥൻ കല്ലത്ത്ര മാഹിൻ ഹാജിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു എന്നും റിപ്പോർട്ടുണ്ട്.
നിക്ഷേപത്തട്ടിപ്പ് കേസിന്റെ പേരില്‍ പാര്‍ട്ടിക്കും, മുന്നണിക്കുമുണ്ടായ തിരിച്ചടി മറികടക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ് നേതൃത്വം. ലീഗ് നേതാക്കളെ ശനിയാഴ്ച (07/11/2020) പാണക്കാട്ടേക്ക് വിളിപ്പിച്ചു എന്ന് സൂചനയുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് കമറുദ്ദീന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടാകണമെന്ന് കോണ്‍ഗ്രസ് നേതൃത്വവും ആവശ്യമുന്നയിച്ചിരുന്നു. ഇതേ നിലപാടാണ് ഇപ്പോഴും നേതാക്കള്‍ക്കെന്നതാണ് പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.
രാജി ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന് തങ്ങള്‍ ആരെയും സംരക്ഷിക്കില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി.
എന്നാല്‍ നിക്ഷേപകരുടെ ബാധ്യത തീര്‍ക്കുന്ന കാര്യം പാര്‍ട്ടി ഏറ്റെടുത്തിട്ടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് വ്യക്തമാക്കിയതോടെ കേസും തുടര്‍ നടപടികളും കമറുദ്ദീന്റെ മാത്രം ബാധ്യതയായി. ആറു മാസത്തിനകം നിക്ഷേപകരുടെ പണം തിരിച്ച് നല്‍കുമോ എന്ന ചോദ്യത്തിന് മറുപടി പറയാന്‍ കമറുദ്ദീന്‍ തയാറായില്ല.

