ചെറുതുരുത്തി: കലാമണ്ഡലത്തിന്‍റെ കെഎസ് ദിവാകരന്‍ നായര്‍ സ്‌മാരക സൗഗന്ധികം പുരസ്‌ക്കാരവുമായി കുഞ്ഞന്‍പിളള . 105-ാം വയസില്‍ ലഭിച്ച അവാര്‍ഡിന്‍റെ സന്തോഷത്തിലാണ് അദ്ദേഹം. കലാമണ്ഡലം തന്നെ അവാര്‍ഡിന് തെരഞ്ഞെടുത്തതില്‍ വളരെ സന്തോഷമുണ്ടെന്ന് കുഞ്ഞന്‍ പിളള പറഞ്ഞു. പത്തനംതിട്ട ജില്ലയിൽ മല്ലപ്പളളി ഗ്രാമ പഞ്ചായത്തില്‍ ചക്കാലയില്‍ കുമാരന്‍ പിളളയുടേയും കുട്ടിയമ്മയുടേയും മകനായി 1916 ലാണ് കുഞ്ഞന്‍പിളള ജനിച്ചത്. പ്രഥമീക വിദ്യാഭ്യാസത്തിനുശേഷം നന്നെ ചൈറുപ്പത്തില്‍തന്നെ ഗുരുകുല സമ്പ്രദായത്തില്‍ കുറിയന്നൂര്‍ വേലുപ്പിളള ആശാന്‍റെ ശിക്ഷണത്തില്‍ തുളളല്‍ പഠനം ആരംഭിച്ചു.
14-ാം വയസില്‍ കല്ല്യാണ സൗഗന്ധികം കഥ അവതരിപ്പിച്ച് അരങ്ങേറ്റം കുറിച്ചു. സത്യസ്വയം വരം, രുക്‌മിണി സ്വയംവരം തുടങ്ങി കുഞ്ചന്‍ നമ്പ്യാരുടെ 22 കഥകള്‍ സ്വായത്തമാക്കി തിരുവിതാംകൂറിലേയും തിരുക്കൊച്ചിയിലേയും ക്ഷേത്രങ്ങളില്‍ നിരവധി തവണ തുളളല്‍ അവതരിപ്പിട്ടുണ്ട്.
ഗുരുനാഥനായ വേലുപ്പിളളയുടെ മരണശേഷം ചെന്നിത്തല കുഞ്ഞന്‍പിളളയാശാന്‍റെ സംഘത്തില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു. തുളളല്‍ കലക്കുപുറമേ വഞ്ചിപ്പാട്ടിലും കുഞ്ഞന്‍പിളള അഗ്രഗണ്യനാണ്. പ്രായാധിക്യം കൊണ്ടുളള അസുഖങ്ങള്‍ മൂലം വിശ്രമ ജീവിതത്തിലാണെങ്കിലും തന്നെ കാണാന്‍ എത്തുന്നവരുടെ മുന്നില്‍ അവശത മറന്ന് ചുവട് വെക്കാന്‍ ഇപ്പോഴും സന്നദ്ധനാണ് ആശാന്‍



