ന്യൂഡൽഹി: കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച സോണിയ ഗാന്ധിയുടെ പ്രസ്താവനയിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ പ്രതികരണത്തിനായി കാത്തിരിക്കാമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി. രാജീവ്.
രാഷ്ട്രീയ എതിരാളികളെ നേരിടുന്നതിനായി ഭരണകൂടത്തിന്റെ എല്ലാ ഉപകരണങ്ങളേയും ഉപയോഗിക്കുന്നുവെന്നും, അന്വേഷണ ഏജൻസികൾ പ്രധാനമന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും ഓഫിസിന്റെ താളത്തിനൊത്ത് തുള്ളുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് സോണിയ ആരോപിച്ചത്.
കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ രാഹുൽ ഗാന്ധി എംപിയും സിബിഐ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾക്കെതിരെ പ്രസ്താവന നടത്തിയിരുന്നു. എന്നാൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള കോൺഗ്രസ് നേതാക്കള്‍ ദേശീയ നേതൃത്വത്തിന്റെ നിലപാട് തള്ളുകയും സിബിഐയെ ന്യായീകരിക്കുകയുമാണ് ചെയ്തത്.
ഇതേക്കുറിച്ച് എഫ്.ബി കുറിപ്പുമായാണ് രാജീവ് എത്തിയത്. ഇനി കേരളത്തിലെ കോൺഗ്രസ് പ്രതികരണത്തിനായി കാത്തിരിക്കാം എന്നാണ് പി.രാജീവിന്റെ പരിഹാസം.

