റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബിജീങ്: ക്വാഡ് രാജ്യങ്ങളുടെ യോഗത്തിന് ശേഷം നടക്കുന്ന മലബാര്‍ നാവിക അഭ്യാസത്തിന് യുഎസ്സിനും ജപ്പാനും പുറമേ ഓസ്ട്രേലിയയും പങ്കെടുക്കുമെന്ന വാര്‍ത്ത വന്നതിന് പിന്നാലെ പ്രതികരണവുമായി ചൈന. രാജ്യം പുതിയ സഖ്യങ്ങളും അവരുടെ നടപടികളും നിരീക്ഷിച്ച് വരികയാണെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഷാവോ ലിജിയാന്‍ പറഞ്ഞത്.രാജ്യങ്ങള്‍ തമ്മിലുള്ള സൈനിക സഹകരണം പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും സഹായകമാകുമെന്ന് ഞങ്ങള്‍ എല്ലായ്‌പ്പോഴും വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലഡാക്ക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയിലെ സമുദ്രത്തില്‍ നാല് രാജ്യങ്ങള്‍ ഒന്നിക്കുന്ന സംയുക്ത നാവികാഭ്യാസം ചൈനയ്ക്ക് മേല്‍ സമ്മര്‍ദം ഉയര്‍ത്തുന്നതാകും എന്ന് കണക്കാക്കപ്പെടുന്നു. 2004ല്‍ സൂനാമി ദുരിതാശ്വാസത്തിന് ആയാണ് യുഎസ്, ഇന്ത്യ, ജപ്പാന്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ ഒന്നിച്ചു ക്വാഡ് സഖ്യം രൂപീകരിച്ചത്. നവംബര്‍ അവസാനം അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമായാണ് നാവികാഭ്യാസം നടക്കുക .ഈ മാസമാദ്യം ടോക്കിയോയില്‍ നടന്ന ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ചയില്‍ ഓസ്ട്രേലിയയെ ഉള്‍പ്പെടുത്തണോ എന്ന തരത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയിലെ ഏറ്റുമുട്ടല്‍ കണക്കിലെടുത്താണ് ചൈനയുടെ എതിര്‍പ്പ് മറികടന്ന് ഓസ്ട്രേലിയയെ ഇന്ത്യ ഉള്‍പ്പെടുത്തിയത്. ഇന്ത്യയുടെ ക്ഷണത്തിനു കാത്തിരിക്കുകയാണെന്ന് ഓസ്ട്രേലിയന്‍ പ്രതിരോധവകുപ്പ് വക്താവ് അറിയിച്ചിരുന്നു.

1992 മുതലാണ് യുഎസ്, ഇന്ത്യ നാവികസേനകള്‍ ഒരുമിച്ച് മലബാര്‍ നാവിക അഭ്യാസം എന്ന പേരില്‍ സംയുക്ത നാവിക പരിശീലനം ആരംഭിച്ചത്. 2004 മുതല്‍ മറ്റു ഏഷ്യന്‍ രാജ്യങ്ങളെയും ഉള്‍പ്പെടുത്താന്‍ തീരുമാനമായി. മുങ്ങിക്കപ്പലുകളും പോര്‍വിമാനങ്ങളുമെല്ലാം പങ്കെടുക്കുന്ന നാവിക അഭ്യാസമാണ് മലബാര്‍ നാവിക അഭ്യാസം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *