റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രണ്ട് സൂപ്പർ ഓവറുകൾ കൊണ്ട് നിർണയിച്ച വിധി, മുംബൈ ഇൻഡ്യൻസിനെതിരെ പഞ്ചാബിന് ജയം

October 19, 2020 - 7:10 am

ദുബായ്: രണ്ടാമത്തെ സൂപ്പർ ഓവറിലേയ്ക്ക് നീണ്ട ആവേശപ്പോരാട്ടത്തിൽ മുംബൈ ഇന്ത്യന്‍സിനെതിരെ കിംഗ്സ് ഇലവന്‍ പഞ്ചാബിന് ജയം. നിശ്ചിത 20 ഓവറില്‍ ഇരു ടീമുകളും 6 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് എടുത്തതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേയ്ക്ക് എത്തിയത്.

സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് 5 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. ജസ്പ്രീത് ബൂമ്രയുടെ കൃത്യതയാര്‍ന്ന യോര്‍ക്കറുകള്‍ക്ക് മുന്നില്‍ രാഹുലും സംഘവും പകച്ചു. സൂപ്പര്‍ ഓവറില്‍ പഞ്ചാബിന്റെ രണ്ട് വിക്കറ്റുകളും ബൂമ്ര വീഴ്ത്തി. 6 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈയ്ക്കും കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല.

അവസാന പന്തില്‍ രണ്ട് റണ്‍സ് വേണമായിരുന്നെങ്കിലും രണ്ടാം റണ്ണിന് ശ്രമിച്ച ഡീകോക്ക് റണ്ണൗട്ടാകുകയായിരുന്നു. ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍മാരായ മുഹമ്മദ് ഷമിയുടെയും ജസ്പ്രീത് ബൂമ്രയുടെയും നേര്‍ക്കുനേര്‍ പോരാട്ടം കൂടിയായി ആദ്യ സൂപ്പര്‍ ഓവര്‍ മാറിയിരുന്നു.

ഇതോടെ മത്സരം വീണ്ടും മറ്റൊരു സൂപ്പര്‍ ഓവറിലേയ്ക്ക് നീണ്ടു. ഇത്തവണ ആദ്യം ബാറ്റ് ചെയ്ത മുംബൈ 11 റണ്‍സ് നേടി. 12 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബിന് വേണ്ടി ട്രെന്‍റ് ബോള്‍ട്ടിൻ്റെ ആദ്യ പന്ത് തന്നെ ക്രിസ് ഗെയ്ല്‍ സിക്സര്‍ പറത്തി. രണ്ടാം പന്തില്‍ സിംഗിള്‍. മൂന്നാം പന്തില്‍ മായങ്ക് അഗര്‍വാള്‍ ബൗണ്ടറി നേടിയതോടെ മത്സരം പഞ്ചാബിന് അനുകൂലമായി. നാലാം പന്ത് ബൗണ്ടറിയിലേയ്ക്ക് പായിച്ച അഗര്‍വാള്‍ പഞ്ചാബിന് വിജയം സമ്മാനിക്കുകയായിരുന്നു.

നേരത്തെ, ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ ക്വിന്റണ്‍ ഡീ കോക്കിന്റെയും കീറോണ്‍ പൊള്ളാര്‍ഡിന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് 176 റണ്‍സ് നേടിയത്. മറുപടി ബാറ്റിംഗില്‍ പഞ്ചാബിനെ മുന്നില്‍ നിന്ന് നയിച്ച നായകന്‍ കെ.എല്‍ രാഹുലിന്റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു മികച്ചുനിന്നത്. 51 പന്തുകള്‍ നേരിട്ട രാഹുല്‍ 77 റണ്‍സ് നേടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *