കൊച്ചി: കോവിഡ് കാലത്ത് ജീവിക്കാൻ സംരംഭകയുടെ വേഷം കെട്ടിയ ട്രാൻസ്ജെൻഡർ യുവതിയ്ക്കും കൂട്ടുകാർക്കും നേരെ സദാചാര ആക്രമണമെന്ന് പരാതി. ബിരിയാണിയും ഊണും വിൽപ്പന നടത്തി ജീവിക്കാനിറങ്ങിയ സജ്ന ഷാജി എന്ന ട്രാൻസ് ജൻഡർ യുവതിയ്ക്കാണ് സമൂഹത്തിൽ നിന്നും തിക്താനുഭവം.
ആണും പെണ്ണും കെട്ടവരെന്ന് അധിക്ഷേപിക്കുകയും പണിയെടുത്ത് ജീവിക്കാൻ അനുവദിക്കാതിരിക്കുകയാണ് ഇത്തരക്കാർ. ജോലി ചെയ്ത് ജീവിക്കാനും അനുവദിക്കുന്നില്ലെന്ന് കണ്ണീരോടെ സജ്ന ഷാജി പറയുന്നു.
നിങ്ങള്‍ തന്നെ ചോദിക്കുന്നു പണിയെടുത്ത് ജീവിച്ചൂകൂടെ എന്ന്” സജ്ന ഷാജി പറയുന്നു. ആ ചോദ്യത്തിന് ഉത്തരമായി ഫുഡ് ആന്‍ഡ് സേഫ്റ്റിയില്‍ നിന്നടക്കം ലൈസന്‍സ് എടുത്തു കൊണ്ടാണ് സജ്ന ബിരിയാണി വില്‍പ്പന നടത്തുന്നത്. എന്നാൽ അവരെ തുരത്തി ഓടിക്കാനാണ് സമൂഹം ശ്രമിക്കുന്നത്.
വഴിയരികിൽ 150 ബിരിയാണിയും 20 ഊണും വില്‍പ്പനയ്ക്കായി ഇവർ എത്തിച്ചിരുന്നു. എന്നാല്‍ 20 ബിരിയാണി വിറ്റു പോയപ്പോഴേക്കും അധിക്ഷേപം ആരംഭിച്ചു. സമീപത്തു തന്നെ ബിരിയാണി കച്ചവടം നടത്തുന്ന ചിലര്‍ തന്റെ ബിരിയാണി വില്‍പന തടസപെടുത്തുകയാണെന്നും സജ്ന പറയുന്നു. കൂടാതെ ഇവർ ചിലരെ വിളിച്ചു വരുത്തി. ഫുഡ് ഇന്‍സ്പെക്ടര്‍ ആണെന്ന വ്യാജേന ചിലർ എത്തി. ബിരിയാണി വാങ്ങാന്‍ വരുന്നവര്‍ക്കു മുന്നില്‍ വെച്ച് തന്നെ പരിഹസിക്കുകയും ലൈസൻസ് എടുത്തിട്ടാണോ കച്ചവടം എന്നു തുടങ്ങിയ ചോദ്യങ്ങൾ കൊണ്ട് ബുദ്ധിമുട്ടിക്കുകയും ചെയ്തു.ഇത് പലപ്പോഴും ആവർത്തിച്ചു.അങ്ങനെ ബിരിയാണി വാങ്ങാൻ എത്തിയവർ പോലും തിരിച്ചു പോയെന്നും സജ്ന പറയുന്നു.
അഞ്ച് ട്രാന്‍സ്ജെന്‍ഡറുകള്‍ ചേര്‍ന്ന് കോവിഡ് കാലത്ത് ബിരിയാണി വിൽപന തുടങ്ങി വെച്ചതാണ്. കുടുക്കയില്‍ സൂക്ഷിച്ചതും സ്വരുക്കൂട്ടി വച്ച പണവും എല്ലാമെടുത്താണ് കച്ചവടം തുടങ്ങിയത്. ജീവിക്കാൻ അനുവദിക്കുന്നില്ലെങ്കിൽ ഇനി എന്തുചെയ്യുമെന്നും സജ്ന ഷാജി ചോദിക്കുന്നു. ഒടുവിൽ പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ സമീപിച്ചുവെങ്കിലും ബിരിയാണി വിറ്റുതരാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്ന മറുപടിയാണ് പോലീസിൽ നിന്നുണ്ടായത്. രണ്ടുദിവസം പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയിട്ടും ഇതുവരെയും നടപടി ഉണ്ടായില്ല.



