ഭുവനേശ്വർ: ഒഡീഷയിൽ ഭുവനേശ്വറിൽ പെട്രോൾ പമ്പിൽ അത്യുഗ്ര സ്ഫോടനം. സംഭവത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേരെ എസ്‌സിബി മെഡിക്കൽ കോളേജിലും , മറ്റുള്ളവരെ ഭുവനേശ്വരിലെ മറ്റൊരു ആശുപത്രിയിലും പ്രവേശിപ്പിച്ചു.
7/10/20 ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.
കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (സിഎൻജി) അൺലോഡു ചെയ്യുന്നതിനിടെ ഭൂഗർഭത്തിലെ ടാങ്ക് പൊട്ടിത്തെറിക്കുകയായിരുന്നു. ഒരു മണിക്കൂറോളം പാടുപെട്ടാണ് അഗ്നിശമന സേന തീ അണച്ചത്.
ഫില്ലിംഗ് സ്റ്റേഷന്റെ രണ്ട് സിഎൻജി സ്റ്റോറേജ് ടാങ്കുകളിൽ ഒന്ന് പൊട്ടിത്തെറിച്ച് തീ പടരുകയായിരുന്നു. രാജ്ഭവന് ഏറെ അടുത്തായാണ് സ്ഫോടനം നടന്ന പെട്രോൾ പമ്പ് .
കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ധർമേന്ദ്ര പ്രധാൻ അപകടത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ ബൈക്കുകളും ഫോർ വീലറുകളും ഉൾപ്പെടെ നിരവധി വാഹനങ്ങൾ പൊട്ടിത്തെറിച്ചു. ഇത് ഒരു ഭൂകമ്പം പോലെയാണെന്ന് ദൃക്‌സാക്ഷികളും വഴിയാത്രക്കാരും പറഞ്ഞു.



