ലക്‌നൗ: യു.പിയിലെ ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ലെന്ന് കുടുംബാംഗം. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച് തങ്ങളെ നിശബ്ദരാക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും കുടുംബം ആരോപിക്കുന്നു.
‘ ഞങ്ങളുടെയെല്ലാം മൊബൈല്‍ ഫോണുകള്‍ ഓഫാക്കി വെയ്ക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. ചിലരുടെ ഫോണുകള്‍ അവര്‍ പിടിച്ചെടുത്തു. ഞങ്ങളെ പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ല. മാധ്യമങ്ങളോട് സംസാരിക്കരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിരന്തരം ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണവര്‍, ഗ്രാമം മുഴുവൻ പൊലീസാണ് ‘ ഒരു കുടുംബാംഗം വ്യക്തമാക്കി.
പൊലീസിന്റെ കണ്ണുവെട്ടിച്ചാണ് മാധ്യമങ്ങളെ ഇക്കാര്യം അറിയിക്കാന്‍ എത്തിയതെന്നും അ ദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹത്തെ വിലക്കാൻ സ്ഥലത്ത് പൊലീസ് എത്തിയിരുന്നു. അതേ സമയം മകളുടെ മരണത്തിൽ സി ബി ഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പിതാവ് രംഗത്തെത്തി. നിലവിൽ നടക്കുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹാത്രാസ് ജില്ലയില്‍ 144 പ്രഖ്യാപിച്ചിരിക്കുകയാണ്. ഹാത്രാസില്‍ സെപ്തംബര്‍ 14-നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ചൊവ്വാഴ്ച ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.



