പാലക്കാട്: കനത്തമഴയില്‍ പാലക്കാട്ടെ നെല്‍കര്‍ഷക്ക് ഏഴുകോടിയോളം രൂപയുടെ നഷ്ടം ഉണ്ടായിരുന്നു. അതിന് പിന്നാലെ കൊയ്തെടുത്ത നെല്ല് സൂക്ഷിക്കാനിടമില്ലാതെ ദുരിതത്തിലുമാണ് പാലക്കാട്ടെ കര്‍ഷകര്‍. ജില്ലയിലെ ഒന്നാംവിള കൊയ്ത്ത് 25 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്. ആലത്തൂര്‍ താലൂക്കിലെ കണ്ണമ്പ്ര, ആയക്കാട്, പുതുക്കോട്,കാവശേരി, പാലക്കാട് താലൂക്കിലെ പെരുവെമ്പ്, ഓലശേരി, ചിറ്റൂര്‍ താലൂക്കിലെ പലയിടങ്ങളിലും കൊയ്ത് സജീവമാണ്.
പാമ്പാടി കൊണ്ടൂര്‍ക്കര പാടശേഖരങ്ങളിലായി 250 ഏക്കറോളം സ്ഥലത്താണ് കൃഷിയിറക്കിയത്. ഇതില്‍ 50 ഏക്കറിലെ വിളവെടുപ്പ് നടന്നെങ്കിലും സൂക്ഷിക്കാനിടമില്ലാത്തതിനാല് പ്രതിസന്ധിയിലായിരിക്കുകയാണ് കര്‍ഷകര്‍. ഇതുമൂലം ബാക്കി സ്ഥലത്തെ കൊയ്ത് വൈകുകയാണ്. ഇതിനോടകം കൊയ്തെടുത്ത നെല്ല് പാടത്തും പാതയോരങ്ങളിലു മായി സൂക്ഷിച്ചിരിക്കുകയാണ്. ടാര്‍പ്പായ കൊണ്ട് മൂടുന്നുണ്ടെങ്കിലും മഴപെയ്താല്‍ നനയുകയും നെല്ല് മുളയ്ക്കുകയും ചെയ്യും.
മുളച്ച നെല്ല് സപ്ലൈക്കോ എടുക്കില്ല. പിന്നെ മില്ലുകാര്‍ക്ക് സാധാരണയിലും കുറഞ്ഞ വിലക്ക് വില്‍ക്കേണ്ടിവരും . അന്യ സംസ്ഥാന തൊഴിലാളികളുടേയും കൊയ്ത് യന്ത്രങ്ങളുടേയും അഭാവത്തില്‍ കൂടുതല്‍ കൂലി കൊടുത്താണ് ഇത്തവണ വിളവിറക്കിയതും കൊയ്തെടുത്തതും. നഷ്ടം സഹിച്ചും വിളവിറക്കുന്ന കര്‍ഷകരുടെ നെല്ല് യഥാസമയം സംഭരിക്കാതിരുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം ശക്തമാണ്. സംഭരണത്തിന് എട്ട് മില്ലുകള്‍ തയ്യാറായിട്ടുണ്ടെന്നാണ് സപ്ലൈക്കോ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. പക്ഷെ സംഭരണത്തിന് എന്ന് എത്തുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

