കൊച്ചി: നിര്‍മാണപ്പിഴവുമൂലം തകര്‍ച്ചാ ഭീഷണി നേരിട്ട പാലാരിവട്ടം മേല്‍പ്പാലം സുപ്രീംകോടതി വിധിയനുസരിച്ച് പൊളിക്കുന്നത് തിങ്കളാഴ്ച രാവിലെയോടെ തുടങ്ങി (28/09/2020). ടാറിങ് നീക്കലും ചുറ്റും സുരക്ഷാ ബാരിക്കേഡുകള്‍ സ്ഥാപിക്കുന്നതുമാണ് ആദ്യദിവസങ്ങളില്‍ നടക്കുന്നത്. തകര്‍ന്ന ഗര്‍ഡറുകള്‍ നീക്കുന്നത് ബുധനാഴ്ചയോടെ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. പുനര്‍നിര്‍മാണത്തിനായി എച്ച്‌എംടി ഭൂമിയിലെ മെട്രോയുടെ നിര്‍മാണ യാര്‍ഡില്‍ ഗര്‍ഡറുകള്‍ വാര്‍ക്കുന്ന ജോലിയും സമാന്തരമായി ആരംഭിക്കും.
തകര്‍ന്ന ഭാഗങ്ങള്‍ മുഴുവന്‍ പൊളിച്ചുനീക്കാന്‍ രണ്ടുമാസം വേണ്ടിവരുമെന്ന് നിര്‍മാണകരാര്‍ ഏറ്റെടുത്ത ഊരാളുങ്കല്‍ ലേബര്‍ കോ–ഓപ്പറേറ്റീവ് സൊസൈറ്റി അധികൃതര്‍ പറയുന്നത്.
വിദഗ്ധരായ തൊഴിലാളികളാണ് ഗര്‍ഡര്‍ മുറിച്ചുനീക്കുക. ഇവ കടല്‍ഭിത്തി നിര്‍മാണത്തിന് ഉപയോഗിക്കാനാണ് ഡിഎംആര്‍സി ഉദ്ദേശിക്കുന്നത്. ഊരാളുങ്കല്‍ സൊസൈറ്റിക്കുകീഴിലെ തൊഴിലാളികളാണ് പാലാരിവട്ടം പാലം പുനര്‍നിര്‍മാണത്തില്‍ പ്രധാന പങ്കാളികള്‍. വിദഗ്ധതൊഴിലിന് ഉള്‍പ്പെടെ 20 ശതമാനം അതിഥിത്തൊഴിലാളികളാണ്.
ഇ ശ്രീധരന്റെ മേല്‍നോട്ടത്തില്‍ ഡിഎംആര്‍സിയുടെ നിര്‍ദേശപ്രകാരമാണ് ജോലികള്‍ നടക്കുകയെന്ന് ഊരാളുങ്കല്‍ സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി പറഞ്ഞു. നേരത്തേ നിശ്ചയിച്ച തുകയ്ക്കുതന്നെയാണ് നിര്‍മാണം.



