മോസ്കോ: റഷ്യ വികസിപ്പിച്ച ‘സ്പുട്നിക് വി’ എന്ന കൊവിഡ് വാക്സിൻ ഐക്യരാഷ്ട്ര സംഘടനയുടെ ഭാഗമായ മുഴുവൻ ഉദ്യോഗസ്ഥർക്കും സൗജന്യമായി നൽകുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പറഞ്ഞു. ചൊവ്വാഴ്ച (22/09/2020) യു എൻ പൊതുസഭയുടെ 75-ാമത് സെഷന്റെ ഭാഗമായി നേരത്തേ റെക്കോർഡു ചെയ്ത വീഡിയോയിലൂടെയായിരുന്നു പുടിന്റെ പ്രഖ്യാപനം.
തങ്ങൾ വികസിപ്പിച്ച ‘സ്പുട്നിക് വി’ വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണ്. കൊറോണ വൈറസിനെ കണ്ടെത്തുന്നതിനും പ്രതിരോധിക്കുന്നതിനുമായി വളരെ മികച്ച സംവിധാനങ്ങൾ തന്നെ റഷ്യ വികസിപ്പിച്ചിട്ടുണ്ട്. കൊവിഡിനെ നേരിടാൻ ലോക രാഷ്ട്രങ്ങളും വിവിധങ്ങളായ അന്താരാഷ്ട്ര ഏജൻസികളും നടത്തുന്ന ശ്രമങ്ങളുമായി റഷ്യ സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹാമാരിയുടെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ലോകാരോഗ്യ സംഘടന തന്നെയാണ് മുൻകൈ എടുക്കേണ്ടത്. ലോകാരോഗ്യ സംഘടനയെ ശക്തിപ്പെടുത്താൻ റഷ്യ പ്രതിജ്ഞാബദ്ധമാണെന്നും പുടിൻ വിശദീകരിച്ചു.

