ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ കൂടുതല്‍ കടന്നുകയറ്റത്തിന് മുതിരില്ലെന്ന് ചൈന. ഇരുരാജ്യങ്ങളിലെയും സൈനിക കമാന്‍ഡര്‍മാരുടെ 13 മണിക്കൂര്‍
നീണ്ട ചര്‍ച്ചയിലാണ് ചൈന ഇക്കാര്യം വ്യക്തമാക്കിയത്. ചര്‍ച്ചകള്‍ തുടരാനും തീരുമാനമായി.വിദേശകാര്യമന്ത്രിമാരായ എസ്. ജയശങ്കറും വാംഗ് യിയും മോസ്‌കോയിലുണ്ടാക്കിയ അഞ്ചിന പരിപാടി പ്രകാരം സേനാപിന്മാറ്റത്തിനുള്ള നടപടിക്രമങ്ങള്‍ തയ്യാറാക്കാനാണ് ലഫ്റ്റനന്റ് ജനറല്‍ ഹരീന്ദര്‍ സിംഗ് നയിച്ച ഇന്ത്യന്‍ സംഘവും മേജര്‍ ജനറല്‍ ലിയൂ ലിന്‍ നയിച്ച ചൈനീസ് സംഘവും അതിര്‍ത്തിയിലെ ചുഷൂലിലുള്ള മോള്‍ഡോയില്‍ ഇന്ത്യന്‍ പ്രദേശത്ത് ആറാംവട്ടവും കൂടിക്കാഴ്ച നടത്തിയത്.ചര്‍ച്ചയില്‍ ലഡാക് അതിര്‍ത്തിയില്‍ ഏപ്രിലിലെ തല്‍സ്ഥിതി നിലനിറുത്തണമെന്ന് ഇന്ത്യ ശക്തമായി ആവശ്യപ്പെട്ടു. പാംഗോംഗ് തടാകത്തിന് തെക്ക് ഇന്ത്യ ആധിപത്യം സ്ഥാപിച്ച മലനിരകളില്‍ നിന്ന് പിന്‍വാങ്ങണമെന്ന് ചൈനയും ആവശ്യപ്പെട്ടു.




