ജനീവ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ലോകത്തിന് മാതൃകയാക്കാവുന്ന രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാൻ എന്ന് ലോകാരോഗ്യസംഘടന. പോളിയോ പ്രതിരോധ പ്രവർത്തനങ്ങൾക്കായി വീടുവീടാന്തരം കയറിയിറങ്ങി പ്രവർത്തിച്ച സാമൂഹ്യ ആരോഗ്യ പ്രവർത്തകരുടെ ശക്തമായ ഒരു സംവിധാനം തന്നെ പാകിസ്ഥാനിൽ ഉണ്ട്. അവരെയാകെ കോവിഡ് പ്രതിരോധത്തിനായി പാകിസ്ഥാൻ ഉപയോഗിച്ചതായി ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറലായ ടെഡ്രോസ് അഡാനോം ഗബ്രിയേസസ് ഔദ്യോഗിക വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ചൈനയുടെ അയൽരാജ്യം ആയിരുന്നിട്ടും പാകിസ്ഥാനിൽ തീവ്രമായ രോഗവ്യാപനം ഉണ്ടായില്ല. നല്ല ജാഗ്രതയാണ് പാകിസ്ഥാനിലെ ഉദ്യോഗസ്ഥ സംവിധാനങ്ങൾ ആകെ പ്രകടമാക്കിയത്. അതിന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തന്നെ നേതൃത്വം നൽകിയെന്നും ലോകാരോഗ്യ സംഘടന പറയുന്നു. കംബോഡിയ, ജപ്പാൻ ന്യൂസിലാൻഡ്, തെക്കൻ കൊറിയ, റുവാണ്ട , സെനഗൽ സ്പെയിൻ , വിയറ്റ്നാം എന്നീ രാജ്യങ്ങളും കോവിഡിനെ നേരിട്ട രീതി മാതൃകാപരമാണ്. സാർസ്, മെർസ് ,മീസിൽസ് ,എബോള’ പോളിയോ എന്നിവയിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളാൻ ഈ രാജ്യങ്ങൾക്ക് കഴിഞ്ഞതായും ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു .



