ഇടുക്കി പെട്ടിമുടി രക്ഷാ ദൗത്യം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കളക്ടറുടെ പ്രത്യേക സംഘം

വലംകൈയായവര്‍ക്ക് കലക്ടറുടെ അനുമോദനം, വിവിധ കേന്ദ്രങ്ങളില്‍ നിന്ന് അഭിനന്ദന പ്രവാഹം

ഇടുക്കി : പരിസ്ഥിതി ദുര്‍ബ്ബലമേഖലയായി രേഖപ്പെടുത്താതിരുന്ന പെട്ടിമുടിയെ മൂടി ലയങ്ങളെയും ജീവിതങ്ങളേയും കവര്‍ന്ന് പ്രകൃതി സംഹാരതാണ്ഡവമാടിയപ്പോള്‍ സമചിത്തതയോടെ പഴുതുകള്‍ അടച്ച് പ്രായോഗിക ബുദ്ധിയോടെയും സാങ്കേതിക തികവോടെയും ചടുല പ്രവര്‍ത്തനത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച  ജില്ലാ കലക്ടര്‍ എച്ച് ദിനേശന്റെ രക്ഷാപ്രവര്‍ത്തന ഇടപെടല്‍ മാധ്യമങ്ങളും പൊതുസമൂഹവും ഏറെ ശ്ലാഘിച്ചതാണ്. അതിന് പ്രവര്‍ത്തന മികവുകൊണ്ട് ലിഖിത രൂപത്തില്‍ സുതാര്യവും സുവ്യക്തവുമായ രീതിയില്‍ സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിച്ച് മാതൃകയായിരിക്കുകയാണ് പ്രത്യേക സംഘം.

പെട്ടിമുടി ഉരുള്‍പൊട്ടലില്‍ വീടും സ്ഥലവും പൂര്‍ണ്ണമായും നഷ്ടപ്പെട്ടവരുടെ പുനരധിവാസവും മരണമടഞ്ഞവര്‍ക്കായുള്ള ധനസഹായവും സമയബന്ധിതമായി പൂര്‍ത്തികരിക്കുന്നതിന് ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ നിയോഗിച്ച 12 അംഗ സംഘമാണ് 15 ദിവസം കൊണ്ട്  ദൗത്യം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മൂന്നാര്‍ സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ ബിനു ജോസഫിന്റെയും തൊടുപുഴ താലൂക്ക് ഡെപ്യൂട്ടി തഹസീല്‍ദാര്‍ സക്കീര്‍ കെ.എച്ചിന്റെയും നേതൃത്വത്തില്‍ 10 പേരും കളക്ടട്രേറ്റിലെത്തി എഡിഎം ആന്റണി സ്‌കറിയയുടെ സാനിധ്യത്തില്‍  റിപ്പോര്‍ട്ട് കളക്ടര്‍ക്കു കൈമാറി. ദ്രുതഗതിയില്‍ ജോലി പൂര്‍ത്തികരിച്ച റവന്യു ടീമിനെ കളക്ടര്‍ അഭിനന്ദിച്ചു.

സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം നാശനഷ്ടങ്ങളുടെ അടിസ്ഥാന വിവരശേഖരണം,  മരണമടഞ്ഞവരുടെ വിവരശേഖരണം,  അനന്തരാവകാശികളെ കണ്ടെത്തല്‍,  ധനസഹായവിതരണം വേഗത്തിലാക്കല്‍,  പുനരധിവാസ നടപടികള്‍,  തുടങ്ങിയ ജോലികള്‍ക്കാണ് 12 ജീവനക്കാരെ പെട്ടിമുടിയില്‍  നിയോഗിച്ചത്. 5 സംഘങ്ങളായി തിരിഞ്ഞാണ് ജോലികള്‍ നിര്‍വഹിച്ചത്. പെട്ടിമുടിയില്‍ നിന്നും ജില്ലാ കളക്ടറുമായി നേരിട്ടാണ് ഇവര്‍ ബന്ധപ്പെട്ടിരുന്നത്.  

ആദ്യഘട്ടത്തില്‍ ഓരോ ടീമുകളും ദുരന്തം സംബന്ധിച്ചുള്ള ഔദ്യോഗിക രേഖകള്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും ശേഖരിച്ചു. തുടര്‍ന്ന് ലഭ്യമാക്കിയ രേഖകളുടെ അടിസ്ഥാനത്തില്‍ ഫീല്‍ഡ് പരിശോധനയിലൂടെയും ഉരുള്‍പൊട്ടലില്‍ മരണപ്പെടുകയോ പരിക്കുപറ്റുകയോ കാണാതാവുകയോ നാശനഷ്ടം സംഭവിക്കുകയോ ചെയ്തിട്ടുള്ള 82 പേരെ സംബന്ധിച്ചു അടിസ്ഥാന വിവരം ശേഖരിച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മാര്‍ഗ്ഗരേഖകള്‍ക്ക് വിധേയമായി നാശനഷ്ടം തിട്ടപ്പെടുത്തി ഓരോ വ്യക്തിക്കും ലഭ്യമാകേണ്ട ദുരിതാശ്വാസ ധനസഹായം സംബന്ധിച്ച് മാനദണ്ഡങ്ങള്‍ക്കനുസൃതമായി രേഖപ്പെടുത്തലുകള്‍ നടത്തി അത് സഹിതമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കളക്ട്രേറ്റില്‍ നിന്നും ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ ജൂനിയര്‍ സൂപ്രണ്ടന്റ് പി.ആര്‍ അനില്‍ കുമാര്‍ ചെയ്തു നല്കിയിരുന്നു.

മൂന്നാര്‍ സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ ബിനു ജോസഫ്, തൊടുപുഴ താലൂക്ക് ഡെപ്യൂട്ടി തഹസീല്‍ദാര്‍ സക്കീര്‍ കെ.എച്ച്, മൂന്നാര്‍ സ്‌പെഷ്യല്‍ റവന്യൂ ഇന്‍സ്‌പെക്ടര്‍മാരായ വിനോദ് പി എച്ച്, ജിബിന്‍ ഫ്രാങ്ക്‌ലിന്‍, കെ.ടി.എച്ച് സെക്ഷന്‍ ഓഫീസര്‍ സജിത് കുമാര്‍ പി, ദേവികുളം റവന്യു ഡിവിഷന്‍ ഓഫീസിലെ ഹെഡ് ക്ലാര്‍ക്ക് രാജേഷ് രാജ്, ദേവികുളം ആര്‍ഡി ഓഫീസ് റവന്യൂ ഇന്‍സ്‌പെക്ടര്‍ അലക്‌സ് സി ജോര്‍ജ്, സീനിയര്‍ ക്ലര്‍ക്കുമാരായ  ഷൈജു ജോര്‍ജ്, ഷൈന്‍  എ.ഇ,  ജോര്‍ജ് പി.എ, റോണി ജോസ്, തൊടുപുഴ ലാന്‍ഡ് അക്വിസിഷന്‍ ഓഫീസ് ക്ലര്‍ക്ക്  ഷൈജു തങ്കപ്പന്‍ എന്നിവരാണ് 12 അംഗ ടീമില്‍ ഉണ്ടായിരുന്നത്.

പെട്ടിമുടിയില്‍  ആഗസ്റ്റ് ആറിന് രാത്രിയുണ്ടായ ഉരുള്‍പൊട്ടല്‍  82 പേരെയാണ് ബാധിച്ചത്. ഇതില്‍ 12 പേരുടെ ജീവന്‍ രക്ഷിക്കാനായി. 66 ആളുകള്‍മരണപ്പെടുകയും  ദിനേശ്കുമാര്‍ (22), കാര്‍ത്തിക (21), പ്രിയദര്‍ശിനി (11), കസ്തൂരി (20) എന്നിവരെയാണ് ഇനി കണ്ടെത്താനുമുണ്ട്. നാട്ടുകാരുടെ നേതൃത്വത്തില്‍ ഇപ്പോഴും ഇവിടെ തിരച്ചില്‍ നടക്കുന്നുണ്ട്.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7605/Special-team-of-the-Collector-after-completing-the-Pettimudi-rescue-mission-and-submitting-the-report.html

Share
അഭിപ്രായം എഴുതാം