തൃശൂര്‍: പൂരനഗരിയെ ആവേശം കൊളളിക്കുന്ന പുലികളി ഇത്തവണ ശക്തന്റെ തട്ടകത്തില്‍ എത്തില്ല. വെറും പത്തുമിനിറ്റ് മാത്രം നീണ്ടുനില്‍ക്കുന്ന പരിപാടിയിലൂടെ ഇത്തവണത്തെ തൃശൂര്‍ പുലികളി അവസാനിപ്പിക്കും. മൂന്നോണ നാളില്‍ ഉച്ചക്ക് 1 മണിക്ക് ക്ഷേത്ര മൈതാനിയില്‍ ആയിരിക്കും പരിപാടി അവതരിപ്പിരക്കുന്നത്. കോവിഡ് മഹാമാരിക്കിടയില്‍ ജനം ഭീതിയുടെ നിഴലില്‍ നില്ക്കുന്ന നിമിഷങ്ങളില്‍ എല്ലാ കോവിഡ് നിയന്ത്രണങ്ങളും പാലിച്ചായിരിക്കും പരിപാടികള്‍.
പര്‍പ്പിടക പുല്ലും വാഴചാമ്പലയും ദേഹത്ത് ചുറ്റി കയ്യില്‍ കുറുവടിയുമായി ശിവന്റെ ഭൂതഗണങ്ങളായ കുമ്മാട്ടികളും ഇത്തവണ നാട്ടിലിറങ്ങില്ല . കുമ്മട്ടിക്കളിക്ക് പേരുകേട്ട കിഴക്കുംപാട്ടുകരയില്‍ ചടങ്ങ് മാത്രമായി നടത്തും. ഓള പരപ്പുകളില്‍ ആവേശം വിതറുന്ന ജലോത്സവങ്ങളും ഇത്തവണ ഇല്ല.
പൂരം കഴിഞ്ഞാല്‍ തൃശൂരിന്റെ പെരുമയാണ് പുലികളി. നാലോണ നാളില്‍ ഓണാഘോഷത്തിന്റെ സമാപനം കുറിക്കുന്നതും പുലികളിയാണ്. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചാണ് ഓരോവര്‍ഷവും പതിനായിരങ്ങളെ ആവേശം കൊളളിക്കുന്ന പുലികള്‍ എത്താറുളളത് . ആദ്യ വര്‍ഷങ്ങളില്‍ 10 മുതല്‍ 12 വരെ സംഘങ്ങള്‍ എത്തുമായിരുന്നു. ഇപ്പോഴത് 5-ഉം 6-ഉം ആയി കുറഞ്ഞിട്ടുണ്ട്. കോര്‍പ്പറേഷനും ടൂറിസം വകുപ്പും സഹായങ്ങള്‍ ചെയ്യാറുണ്ടെങ്കിലും അതെല്ലാം ലഭിക്കുന്നത് മാസങ്ങള്‍ക്കുശേഷം മാത്രമാണ് ചാത്തുണ്ണി പുലിയുടെ വിയോഗവും പുലികളെ തളര്‍ത്തി. കഴിഞ്ഞകാലങ്ങളില്‍ തൃശൂര്‍ പുലികളിക്ക് ഭീണിയായിരുന്നത് പേമാരിയായിരുന്നെങ്കില് ഈ വര്‍ഷം കോവിഡാണ് പുലികള്‍ക്ക് കെണിയൊരുക്കിയത്.
കഴിഞ്ഞ 80 വര്‍ഷമായി വടക്കുമുറി വിഭാഗത്തിന്റെ കുമ്മാട്ടിക്കളിക്ക് തുടക്കം കുറിക്കുന്ന പനമുക്കുമ്പിളളി ക്ഷേത്രത്തില്‍ മൂന്നോണ നാളില്‍ ഒരു കുമ്മാട്ടി വേഷം കെട്ടി ക്ഷേത്രം വലംവച്ച് തേങ്ങ ഉടയ്ക്കും. ചെണ്ടയും ഇലത്താളവും ചടങ്ങിനുണ്ടാവും. നൂറ്റാണ്ടുകള്‍ പഴക്കമുളളതാണ് കിഴക്കുംപാട്ടുകരയിലെ വടക്കുംമുറി, തെക്കുംമുറി വിഭാഗങ്ങളുടെ കുമ്മാട്ടിക്കളി.




